പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അസ്ഥിരത എന്നിവ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങി ശേഖരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026-ലെ സർവേ പ്രകാരം ലോകത്തിലെ 89% കേന്ദ്ര ബാങ്കുകളും വരും മാസങ്ങളിൽ തങ്ങളുടെ സ്വർണശേഖരം ഇനിയും ഉയർത്തുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഈ ആഗോള ട്രെൻഡിന് പൂർണ്ണമായും വിപരീതമായി നടക്കുകയാണ് ലോകത്തിലെ രണ്ട് പ്രമുഖ വികസിത രാജ്യങ്ങളാണ് കാനഡയും നോർവേയും.
ഔദ്യോഗിക കരുതൽ ശേഖരത്തിൽ പൂജ്യം ടൺ സ്വർണം മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ രണ്ട് രാജ്യങ്ങളും പലിശ ലഭിക്കുന്നതും എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്നതുമായ മറ്റ് സാമ്പത്തിക നിക്ഷേപങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായിരുന്നിട്ടും കാനഡ തങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണം പൂർണ്ണമായി ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലാണ് കാനഡയുടെ കേന്ദ്ര ബാങ്കായ 'ബാങ്ക് ഓഫ് കാനഡ' തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വർണം ഘട്ടംഘട്ടമായി വിറ്റഴിച്ചത്.
അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന അമേരിക്കൻ ട്രഷറി സെക്യൂരിറ്റികൾ, ഗവൺമെന്റ് ബോണ്ടുകൾ എന്നിവയിലാണ് സ്വർണത്തേക്കാൾ തങ്ങൾക്ക് താല്പര്യമെന്ന് കാനഡ വ്യക്തമാക്കുന്നു. സമാനമായി, രണ്ടാം ലോകമഹായുദ്ധ കാലത്ത് സുരക്ഷിതത്വത്തിനായി വിദേശത്തേക്ക് മാറ്റുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത സ്വർണശേഖരം 2004-ലാണ് നോർവേയുടെ കേന്ദ്ര ബാങ്കായ 'നോർജസ് ബാങ്ക്' വിറ്റഴിച്ചത്. നിലവിൽ മ്യൂസിയം പ്രദർശനങ്ങൾക്കായി കൈവശമുള്ള കുറച്ചു നാണയങ്ങളും ഏഴ് ഗോൾഡ് ബാറുകളും മാത്രമാണ് നോർവേയുടെ പക്കലുള്ളത്.
കാനഡയുടെയും നോർവേയുടെയും ഈ വേറിട്ട നയങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂരിഭാഗം ആഗോള ശക്തികളും സ്വർണശേഖരം കുത്തനെ കൂട്ടുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം 2025-ൽ മാത്രം 102 ടൺ സ്വർണം അധികമായി വാങ്ങി പോളണ്ടാണ് ഈ പട്ടികയിൽ മുന്നിലെത്തിയത്. കസാകിസ്ഥാന്, അസർബൈജാൻ, ബ്രസീൽ, ചൈന, തുർക്കി എന്നീ രാജ്യങ്ങളും കഴിഞ്ഞവർഷം വൻതോതിൽ സ്വർണം ശേഖരിച്ചു. നിലവിൽ 8,133.46 ടൺ സ്വർണശേഖരവുമായി അമേരിക്കയാണ് ലോകത്ത് ഒന്നാമത് നിൽക്കുന്നത്. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ചൈന, റഷ്യ എന്നിവരാണ് തൊട്ടുപിന്നിൽ.
880.52 ടൺ സ്വർണശേഖരവുമായി ഇന്ത്യ പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്. രാജ്യങ്ങളുടെ ആകെ വിദേശ നാണയ ശേഖരത്തിന്റെ (Forex Reserves) 18.4 ശതമാനവും ഇന്ത്യയിൽ സ്വർണ രൂപത്തിലാണ്. സ്വർണം വാങ്ങുന്നതിനൊപ്പം തന്നെ അവ സ്വന്തം രാജ്യങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികളും കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 57% ബാങ്കുകളും തങ്ങളുടെ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് സൂക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയപ്പോൾ, 49% പേർ സ്വന്തം രാജ്യങ്ങളിൽ തന്നെ സുരക്ഷിത കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
Content Highlights: As countries including India continue to add to their gold reserves, Canada and Norway maintain virtually no official gold holdings. Instead, they rely on diversified foreign exchange reserves, sovereign wealth funds, and other financial assets. Their strategy reflects confidence in liquid financial markets and a different approach to reserve management rather than a lack of economic strength.