എക്കാലത്തേയും ഇടിവില്‍ ഇന്ത്യന്‍ രൂപ; കുവൈത്ത് ദിനാര്‍ മൂല്യം 312 കടന്നു, ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍

ഇതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച സാഹചര്യമൊരുങ്ങി. ഒരു യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 26 രൂപയിലധികം ലഭിക്കുന്നുണ്ട്. 38 ദിര്‍ഹമുണ്ടെങ്കില്‍ ആയിരം രൂപ ലഭിക്കും

2026ല്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ. ഇന്ന് രൂപ ഡോളറിനെതിരെ 96.47 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ക്രൂഡ് ഓയില്‍ വില വര്‍ധന, ഡോളര്‍ ശക്തമാവുന്നത്, ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് പ്രധാനമായും രൂപയുടെ ഇടിവിന് കാരണമാവുന്നത്.

ഈ മാസം മാത്രം രൂപയുടെ മൂല്യം 1.5 ശതമാനം കുറഞ്ഞപ്പോള്‍, ഈ വര്‍ഷം ഇതുവരെ 7 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയരുകയും ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ രൂപയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

തിങ്കളാഴ്ച ഇന്ത്യന്‍ രൂപ 96.20 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏകദേശം 2.6 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതാണ് രൂപയുടെ ഇടിവ് കൂടുതല്‍ രൂക്ഷമാക്കിയത്. 2026ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള പിന്‍വലിക്കല്‍ 23.2 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ 18.9 ബില്യണ്‍ ഡോളറിനെ പോലും മറികടന്നു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന സൈനികാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം. ഇത് ആഗോള വിപണികള്‍ക്കും ക്രൂഡ് ഓയില്‍ വിലയ്ക്കും താല്‍ക്കാലിക ആശ്വാസം നല്‍കിയെങ്കിലും, വാഷിങ്ടണും ടെഹ്‌റാനും പരസ്പര നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതിനാല്‍ വിപണിയില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത് സുവര്‍ണാവസരമായി. ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപ വന്‍ തിരിച്ചടി നേരിട്ടു. കൈയില്‍ കരുതല്‍ പണമുള്ളവര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താനാവും. മറ്റുള്ളവര്‍ ശമ്പള ദിനത്തിനായി കാത്തിരിക്കുകയാണ്. ഇതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച സാഹചര്യമൊരുങ്ങി. ഒരു യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 26 രൂപയിലധികം ലഭിക്കുന്നുണ്ട്. 38 ദിര്‍ഹമുണ്ടെങ്കില്‍ ആയിരം രൂപ ലഭിക്കും. കുവൈത്ത് ദിനാര്‍ 312 രൂപയും ബഹ്റൈന്‍ ദിനാറിന് 255.89 രൂപയും ഒമാന്‍ റിയാലിന് 251 രൂപയും കടന്നു. നാട്ടില്‍ വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കും വായ്പയെടുത്തവര്‍ക്കുമിത് മികച്ച അവസരമാണ്.

Content Highlights: The Indian rupee plunged to a historic low of 96.47 against the US dollar, driven by soaring crude oil prices, foreign investor outflows, and escalating geopolitical tensions in the Middle East

To advertise here,contact us