ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കും മുംബൈയിലേക്കും പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ഏറെ കാലമായി കാത്തിരിക്കുന്ന ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതായും ഉടൻ തന്നെ സർവീസ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലെ ബി ഇ എം എൽ (BEML) കാമ്പസിൽ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ സെറ്റുകളുടെ നിർമ്മാണത്തിനായി സജ്ജമാക്കിയ പ്രത്യേക സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹസ്സൻ-മംഗളൂരു പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനൊപ്പം, കുത്തനെയുള്ള കയറ്റങ്ങളുള്ള ഈ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക 'ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ്' (AEB) സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മംഗളൂരുവിനും മഡ്ഗാവിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് സർവീസിനെ ബെംഗളൂരുവിലേക്ക് നീട്ടാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇത് നിലവിലുള്ള ട്രെയിനുകളേക്കാൾ ഒരു മണിക്കൂറെങ്കിലും യാത്രാസമയം കുറയ്ക്കാൻ സഹായിക്കും.
മുംബൈയിലേക്കുള്ള യാത്ര സുഗമമാക്കാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനൊപ്പം ഹുബ്ബള്ളി വഴി ഒരു സൂപ്പർഫാസ്റ്റ് എൽഎച്ച്ബി ട്രെയിനും ഉടൻ തന്നെ നിലവില്‍ വരും. ഗുണ്ടക്കൽ, കലബുറഗി വഴി പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ഏകദേശം 16 മണിക്കൂർ കൊണ്ട് മുംബൈയിലെത്തും. അതിവേഗ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈ-ബെംഗളൂരു യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങുമെന്നും നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (BSRP) പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ കെ-റൈഡിന്റെ (K-RIDE) മാനേജിംഗ് ഡയറക്ടറായി ഒരു സാങ്കേതിക വിദഗ്ധനെ നിയമിക്കണമെന്ന് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നിയമനം നടന്നതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിലായെന്നും പ്രധാനമന്ത്രി നേരിട്ട് ഇതിന്റെ പുരോഗതി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബെംഗളൂരു-മുംബൈ വന്ദേഭാരത് യാത്രാസമയം ഏകദേശം 15 മണിക്കൂറായി കുറയ്ക്കണമെന്നും 3AC ടിക്കറ്റ് നിരക്ക് വിമാന ടിക്കറ്റുകളേക്കാൾ വലിയ തോതില്‍ കുറവായിരിക്കണമെന്നും വ്യാപാരി സംഘടനകളുടെ പ്രതിനിധി സജ്ജൻ രാജ് മേത്ത ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ സർവീസിന്റെ യാത്രാസമയം 13 മണിക്കൂർ ആയിരിക്കുമെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ആരംഭിക്കുന്നത് വ്യാപാരികള്‍, വിദ്യാർത്ഥികള്‍, ഐടി ഉള്‍പ്പെടേയുള്ള മേഖലയിലെ തൊഴിലാളികള്‍ എന്നിവർക്ക് വലിയ അനുഗ്രഹമായി മാറും. ആഴ്ചയില്‍ വീട്ടിലേക്ക് പോകുന്നവർക്ക് ഈ ദിവസങ്ങളില്‍ കൂടുതല്‍ സമയവും ട്രെയിനില്‍ ചിലവഴിക്കേണ്ടി വരുന്നുണ്ട്. അല്ലെങ്കില്‍ വലിയ പൈസ മുടക്കി വിമാനത്തില്‍ ടിക്കറ്റ് എടുക്കണം. വന്ദേഭാരത് വരുന്നതോടെ താരതമ്യേന ഭേദപ്പെട്ട നിരക്കില്‍ ടിക്കറ്റ് എടുത്ത് സ്ലീപ്പറില്‍ വേഗത്തില്‍ നാടുപിടിക്കാം.
ഹുബ്ബള്ളി വഴിയുള്ള സൂപ്പർഫാസ്റ്റ് ട്രെയിൻ ഡിസംബറിൽ പ്രഖ്യാപിച്ച ദ്വിവാര സർവീസ് (bi-weekly) ആയിരിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ (SWR) ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 16553/16554 എസ്.എം.വി.ടി ബെംഗളൂരു - എൽ.ടി.ടി മുംബൈ - എസ്.എം.വി.ടി ബെംഗളൂരു എന്ന ഈ സർവീസ് 1209 കിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 24 മണിക്കൂർ എടുക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ശരാശരി വേഗത മണിക്കൂറിൽ 52 കിലോമീറ്റർ ആയതിനാൽ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ പരിധിയിൽ ഈ സർവ്വീസ് വന്നിരുന്നില്ല. എന്നാൽ റൂട്ട് മാറ്റമില്ലാതെ തന്നെ ട്രെയിനിനെ സൂപ്പർഫാസ്റ്റ് ആയി ഉയർത്തുന്നതിലൂടെ യാത്രാസമയം കുറയ്ക്കുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Content Highlights: The Bengaluru–Mumbai Vande Bharat Sleeper service is expected to reduce travel time to around 13 hours, offering a faster and more affordable travel option. The new train aims to improve long-distance connectivity while keeping costs accessible, making it an attractive choice for passengers seeking efficient intercity travel.