സൗദി അറേബ്യയും തിരിച്ചടി നേരിടുന്നു: ഏഷ്യൻ രാജ്യങ്ങള്‍ക്കായുള്ള ക്രൂഡ് ഓയിൽ വിതരണം കുറച്ച് അരാംകോ

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ കടൽപ്പാതയാണ് ഹോർമുസ് കടലിടുക്ക്

3 min read|23 Mar 2026, 07:21 pm

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ ഏപ്രിലിലും ഏഷ്യൻ രാജ്യങ്ങള്‍ക്കായുള്ള ക്രൂഡ് ഓയിൽ വിതരണം കുറച്ചു. മാർച്ച് മാസത്തിലും ഏഷ്യന്‍ രാജ്യങ്ങലിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി സൗദി അറേബ്യ കുറച്ചിരുന്നു. ഇറാനുമായുള്ള അമേരിക്ക-ഇസ്രയേൽ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രധാന കപ്പല്‍പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് വിതരണം കുറയാനുള്ള പ്രധാന കാരണം.

ഹോർമൂസ് കടിലിടുക്കിന്‍റെ പ്രധാന്യം

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപരമായതുമായ ഒരു കടൽപ്പാതയാണ് ഹോർമൂസ് കടിലിടുക്ക്. പേർഷ്യൻ ഗൾഫിനെയും ഗള്‍ഫ് ഓഫ് ഒമാനേയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാതയിലൂടെയാണ് ലോകത്തിലെ 20ശതമാനത്തോളം ക്രൂഡ് ഓയില്‍ ലോകവിപണിയിലേക്ക് എത്തുന്നത്. അതായത് സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാൻ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന എണ്ണയും പ്രകൃതിവാതകവും ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന പാതയാണ് ഇത്.

ഇറാന്‍റെ തീരുമാനം

യുദ്ധം ശക്തമായതോടെയാണ് വടക്ക് ഇറാനും തെക്ക് ഒമാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍ കടന്നത്. ചില കപ്പലുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാതയിലൂടെയുള്ള ഗതാഗതം ഇപ്പോഴും സുരക്ഷിതമല്ല. കപ്പലുകൾ ആക്രമിക്കപ്പെടുമെന്ന ആശങ്കയും ഇൻഷുറൻസ് ലഭ്യമാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏതാണ്ട് എല്ലാ ടാങ്കറുകളും ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കിയിരിക്കുകയാണ്.

ഹോർമൂസില്‍ പ്രതിസന്ധി രൂപപ്പെട്ടതോടെ സാധാരണയായി പേർഷ്യൻ ഗൾഫ് തീരത്തെ തുറമുഖങ്ങളിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്ന അരാംകോ ഇപ്പോൾ അത് വലിയ രീതിയില്‍ തന്നെ മാറ്റിയിരിക്കുകയാണ്. ചെങ്കടല്‍ തീരത്തെ യാൻബു തുറമുഖത്ത് നിന്ന് 'അറബ് ലൈറ്റ്' എന്ന ഗ്രേഡിലുള്ള എണ്ണ മാത്രം ഏഷ്യയിലെ ദീർഘകാല ഉപഭോക്താക്കൾക്ക് നൽകാനാണ് നിലവിലെ തീരുമാനം. ഇത് ഏഷ്യൻ റിഫൈനറികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വലിയ തോതില്‍ എണ്ണ ലഭിക്കാത്ത സാഹചര്യത്തില്‍ പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ നേരത്തേതിനേക്കാള്‍ കുറഞ്ഞ അളവില്‍ വേർതിരിച്ചെടുക്കേണ്ടി വരുന്നു. ഇത് റിഫൈനറികളുടെ ചെലവ് വർധിപ്പിക്കും.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ ഉപയോഗിച്ചാണ് യാൻബു തുറമുഖത്തേക്ക് അരാംകോ ക്രൂഡ് ഓയില്‍ എത്തിക്കുന്നത്. മാർച്ചിൽ യാൻബുവിലെ ലോഡിങ്ങുകൾ റെക്കോർഡ് നിലവാരത്തിലേക്ക് എത്ത്. ചൈന ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവിടെ നിന്നും കയറ്റുമതി നടക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ റിഫൈനറി സിനോപെക് മാർച്ചിൽ യാൻബുവിൽ നിന്ന് 24 മില്യൺ ബാരൽ എണ്ണ ലോഡ് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

കയറ്റുമതി കുറഞ്ഞു

മാർച്ച് മാസത്തില്‍ സൗദി അറേബ്യയുടെ ആകെ എണ്ണ കയറ്റുമതി 4.355 ബിപിഡി(million barrels per day ആയി കുറഞ്ഞു. ഫെബ്രുവരിയിലത് 7.108 മില്യൺ ബിപിഡി ആയിരുന്നു. ഹോർമൂസ് വഴിയുള്ള വിതരണം തടസ്സപ്പെട്ടതോടെ യാൻബു വഴിയുള്ള ലോഡിങ്ങുകൾ വലിയതോതിൽ കൂട്ടി നഷ്ടം നികത്താനുള്ള ശ്രമമാണ് അവർ നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച യാൻബുവിലെ അരാംകോയുടെ റിഫൈനറി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കയറ്റുമതി താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.

Content Highlights: Saudi Aramco has reduced crude oil supply to several Asian countries, reflecting changing market dynamics and demand conditions. The move is expected to impact regional energy markets and could influence global oil prices. Analysts view the decision as part of broader adjustments in supply strategies by major oil producers.

To advertise here,contact us