ഡല്ഹി ക്യാപിറ്റല്സ്- രാജസ്ഥാന് റോയല്സ് മത്സരത്തിന് മുന്നെ ഓസ്ട്രേലിയന് താരം സ്റ്റീവ് സ്മിത്ത് ഒരു 'വലിയ സിഗ്നല്' തന്നിരുന്നു. ഈ സീസണില് തോല്പ്പിക്കാന് പ്രയാസമുള്ള ടീം രാജസ്ഥാന് റോയല്സ് ആയിരിക്കും. അവര് 'കംപ്ലീറ്റ്' ടീമാണ്. ആ പ്രവചനം ഇതുവരെ തെറ്റിയിട്ടില്ല. ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിന് ശേഷം രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും റോയല്സിനെ തോല്പ്പിക്കാന് ഇതുവരെ ആര്ക്കും സാധിച്ചിട്ടില്ല.
ഐപിഎല്ലില് മാര്ച്ച് ഏഴ് വരെ അപരാജിതരായി രണ്ട് ടീമുകളുണ്ടായിരുന്നു. രാജസ്ഥാന് റോയല്സും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും. എന്നാല് എട്ടിന് നടന്ന മത്സരത്തില് ചെന്നൈ കൊല്ക്കത്തയ്ക്ക് ആദ്യ പരാജയം സമ്മാനിച്ചു. അപരാജിതരായി ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയ നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റിന് അടിയറവ് പറയേണ്ടി വന്നു. ഇതോടെ ഐപിഎല്ലില് ഇതുവരെ തോല്വിയറിയാത്ത ഒരേയൊരു ടീമായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ്. നാല് മത്സരങ്ങളും വിജയിച്ച രാജസ്ഥാന് റോയല്സാണ് നിലവില് ഒന്നാമത്.
ലോകോത്തര താരങ്ങള് നയിക്കുന്ന ടീമുകളുടെ പോരാട്ടങ്ങളിൽ ആർക്കും തകര്ക്കാനാവാതെ ഒരു മലയാളി താരത്തിന്റെ ഫ്രാഞ്ചൈസി ഉരുക്കുകോട്ട പോലെ നില്ക്കുന്നു. സാക്ഷാല് ലോകകപ്പ് ചാമ്പ്യനായ ക്യാപ്റ്റന് പോലും ഉണ്ടായിട്ടും ഐപിഎല്ലില് ഒരു മലയാളിയുടെ ക്യാപ്റ്റന്സി ചര്ച്ച ചെയ്യപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നു. എപ്പോഴും അവഗണനകള് മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു താരത്തിന്റെ മധുര പ്രതികാരമായി ഇതിനെ കണക്കാക്കാം.
ലഖ്നൗ സൂപ്പര് ജയന്റ്സ്, ഡല്ഹി ക്യാപിറ്റല്സ്, മുംബൈ ഇന്ത്യന്സ്, റോയല് ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്ക്കെതിരെ ആധികാരിക വിജയം നേടിയാണ് പിങ്ക് പടയുടെ കുതിപ്പ്. തകര്പ്പന് പ്രകടനങ്ങള് കാഴ്ച വെക്കുന്നതിനൊപ്പം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന നിര്ണായക തീരുമാനങ്ങളെടുക്കാന് കെല്പ്പുള്ള നായകനാണ് താനെന്നും ഇതിനകം പലവട്ടം സഞ്ജു തെളിയിച്ചു കഴിഞ്ഞു. ഒപ്പം ബൗളര്മാരെ തല്ലിച്ചതയ്ക്കുന്ന ബാറ്റര്മാരെയും മികച്ച രീതിയിൽ പന്തെറിയുന്ന അപകടകാരികളായ ബൗളര്മാരെയും അവരുടെ ശക്തിയും ദൗര്ബല്യവും തിരിച്ചറിഞ്ഞ് ഉപയോഗിക്കാനും സഞ്ജുവെന്ന നായകന് കഴിയുന്നുണ്ട്. സ്റ്റീവ് സ്മിത്ത് പറഞ്ഞ പോലെ വിജയിക്കുന്നതിനുള്ള എല്ലാ അടിത്തറയും അവര്ക്കുണ്ട്. മാര്ച്ച് പത്തിന് നടക്കാനിരിക്കുന്ന അടുത്ത മത്സരത്തില് ഗുജറാത്ത് ടൈറ്റന്സിനെ തോല്പ്പിച്ചാല് സഞ്ജുവിന് അപരാജിത കുതിപ്പ് തുടരാം.