ന്യൂഡല്ഹി: ബൈജൂസ് സ്ഥാപകന് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്ക്കുലര് ഇറക്കാന് ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്.
ഒരു വര്ഷം മുമ്പ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്നീട് ബെംഗ്ളൂരു ഓഫീസിന് കൈമാറുകയായിരുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള് ഏജന്സിക്ക് അറിയാന് സാധിക്കും. എന്നാല് വിദേശ യാത്ര നടത്തുന്നതില് നിന്നും ഒരാളെ തടയാന് കഴിയുമായിരുന്നില്ല. ഈ ലുക്ക് ഔട്ട് സര്ക്കുലറില് ഭേദഗതി വരുത്തണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്ഷമായി ഡല്ഹിയിലേക്കും ദുബൈയിലേക്കുമാണ് ബൈജു രവീന്ദ്രന്റെ യാത്രകളിലേറെയും. ജോലി ആവശ്യത്തിനായി നിലവില് ദുബൈയിലാണെന്നും നാളെ സിംഗപൂരിലേക്ക് പോകുമെന്നും ബൈജു രവീന്ദ്രന് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കില് ബൈജുവിന് നേരിട്ട് ദുബൈയില് നിന്നും സിംഗപൂരിലേക്ക് പോകാനാകില്ല. മറിച്ച് ഇന്ത്യയില് എത്തിയ ശേഷം മാത്രമെ യാത്ര തുടരാനാകൂ.