ന്യൂഡല്ഹി: ഡീപ് ഫേക്കുകള്ക്കെതിരെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം. ഡീപ് ഫേക്കുകള് തടയാന് ഓണ്ലൈന് പ്ലാറ്റ്ഫോമുകള്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. ഇരയായവര്ക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പരാതി ലഭിച്ച് 24 മണിക്കൂറുകള്ക്കകം സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകള് മോര്ഫ് ചെയ്ത ചിത്രം നീക്കം ചെയ്യണമെന്ന കര്ശന നിര്ദേശവും കേന്ദ്രം നല്കി.
നട രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി. രശ്മികയുടേതെന്ന പേരില് സാറാ പട്ടേല് എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോ ആയിരുന്നു എഐ ഡീപ് ഫേക്കിലൂടെ പ്രചരിപ്പിച്ചത്. തെറ്റായ വിവരങ്ങളും ഡീഫ് ഫേക്കുകളും ഉണ്ടാക്കുന്ന വെല്ലുവിളികള് കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണ കേന്ദ്രം സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകള്ക്ക് നിര്ദേശം നല്കിയിരുന്നു.
2023 ഏപ്രിലില് വിജ്ഞാപനം ചെയ്ത ഐടി നിയമം പ്രകാരം ഏതെങ്കിലും ഉപയോക്താവ് തെറ്റായ വിവരങ്ങള് പോസ്റ്റുചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്ലാറ്റ്ഫോമുകളുടെ നിയമപരമായ ബാധ്യതയാണ്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല് 36 മണിക്കൂറിനുള്ളില് അതി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണം. ഇത് പ്ലാറ്റ്ഫോമുകള് ലംഘിക്കുകയാണെങ്കില് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പറയുന്നു.
രശ്മികയുടേതായി പ്രചരിച്ച വ്യാജ വീഡിയോയില് നടപടി വേണമെന്ന് അമിതാഭ് ബച്ചനും ആവശ്യപ്പെട്ടിരുന്നു.