ഉമ തോമസ് സഭയിലുണ്ടാകുമെന്ന് കമന്റ്; പാസെടുത്താൽ നിങ്ങൾക്കും കയറാമെന്ന് എംഎം മണി
ഡോ. ജോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് കീഴിലായിരുന്നു മന്ത്രിയുടെ കമന്റ്
14 May 2022 11:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണ ചൂടേറുകയാണ്. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്. കൂടാതെ നിരവധി നേതാക്കൾ മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ സജീവമാണ്. സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് കീഴിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒപ്പമുണ്ടെന്ന കമന്റ് മുൻ മന്ത്രി എംഎം മണി പങ്കുവെച്ചു.
കേരളത്തിന്റെ കെ ഫോൺ പദ്ധതിയെ സംബന്ധിച്ച് ഡോ. ജോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് കീഴിലായിരുന്നു മന്ത്രിയുടെ കമന്റ്.''ഞാൻ കളത്തിലുണ്ട്.(വെണ്ണല ഭാഗം) അപ്പോ സഭയിൽ കാണാം. നിയമസഭയിൽ'',എന്നായിരുന്നു എംഎം മണിയുടെ കമന്റ്. പിന്നാലെ യുഎഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് സഭയിലുണ്ടാകുമെന്നും, കാത്തിരുന്നു കണ്ടോളൂവെന്നും മറ്റൊരാൾ കമന്റ് ചെയ്തു. തൊട്ടു പിന്നാല മറുപടി കമന്റുമായി മുൻ മന്ത്രി എത്തി. 'പാസെടുത്താൽ താങ്കളും ഉണ്ടാവും' എന്നായിരുന്നു മുൻ മന്ത്രിയുടെ മറുപടി കമന്റ്.
മുന്നണികൾ പ്രചാരണം ശക്തമാക്കിയതോടെ മണ്ഡലത്തിൽ മത്സരം കടുക്കുകയാണ്. മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.
Story highlights: MM Mani social media reply on thrikkakara election