'എംഎല്എ പോന്നപ്പോള് മട്ടന്നൂരില് ആരെങ്കിലും കരഞ്ഞോ, പക്ഷേ പാലക്കാട് കരഞ്ഞു'; രാഹുല്

കരളാണ് പറിച്ചു തരുന്നത്. പൊന്നുപോലെ നോക്കണമെന്നും ഇന്നലെ വരെ ഇവിടുത്തെ പുത്യാപ്ലയാണെങ്കില് ഇനി മുതല് നിങ്ങളുടെ മകനാണ് ഷാഫിയെന്നും രാഹുല് മാങ്കൂട്ടത്തില് കൂട്ടിച്ചേര്ത്തു

dot image

വടകര: സ്ഥാനാര്ത്ഥിയായി നിശ്ചയിച്ചതിന് ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫി പറമ്പിലിന് വോട്ടു ചോദിച്ച് രാഹുല് മാങ്കൂട്ടത്തില്. ഷാഫി വടകരയില് ജയിച്ച് കയറുമെന്ന് നിസ്സംശ്ശയം പറയാമെന്ന് രാഹുല് പ്രസംഗത്തില് പറഞ്ഞു.

മട്ടന്നൂരില് നിന്ന് എംഎല്എ പോന്നപ്പോള് ആരെങ്കിലും കരഞ്ഞോ, പക്ഷേ പാലക്കാട് നിന്ന് എംഎല്എ പോന്നപ്പോള് ഒരുപാട് പേര് അവിടെ കരഞ്ഞു. കാരണമെന്താ?, വിസിറ്റിംഗ് വിസയ്ക്ക് പോവുമ്പോള് ആരും കരയില്ല. പക്ഷേ പെര്മനന്റ് വിസയ്ക്ക് വരുമ്പോള് ആളുകള് കരയും. ഈ സര്ക്കാറിന്റെ നയങ്ങള് കൊണ്ട് ഈ നാട്ടില് ആര്ക്കും ജീവിക്കാന് കഴിയുന്നില്ല. ടിപി ചന്ദ്രശേഖരന് കൊണ്ട ഓരോ വെട്ടിനും നമ്മള് എണ്ണി കണക്ക് ചോദിക്കും. മറ്റൊരു കാര്യം എംബി രാജേഷിനോട് പറയാന് ഉള്ളത് വടകരയില് ഷാഫി പറമ്പില് വന്നിറങ്ങിയ കണ്വെന്ഷന് അല്ല ഇപ്പോള് നടക്കുന്നത്. പാലക്കാട് ഉപതെരഞ്ഞുപ്പ് കണ്വെന്ഷന് ആണ്. പാലക്കാട് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കാന് പോവുന്നത്. മാത്രമല്ല കഴിഞ്ഞ തവണ മെട്രോമാനെ പൊട്ടിച്ചതിനേക്കാള് അഞ്ചിരട്ടി ഭൂരിപക്ഷത്തില് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്ത്ഥി തന്നെ പാലക്കാട് ജയിക്കുമെന്നും രാഹുല് വെല്ലുവിളിച്ചു. കരളാണ് പറിച്ചു തരുന്നത്. പൊന്നുപോലെ നോക്കണമെന്നും ഇന്നലെ വരെ ഇവിടുത്തെ പുത്യാപ്ലയാണെങ്കില് ഇനി മുതല് നിങ്ങളുടെ മകനാണ് ഷാഫിയെന്നും രാഹുല് മാങ്കൂട്ടത്തില് കൂട്ടിച്ചേര്ത്തു.

ഷാഫിക്ക് വന്വരവേല്പ്പാണ് യുഡിഎഫ് നേതൃത്വം ഒരുക്കിയത്. കോഴിക്കോട് എം പി എം കെ രാഘവന്, വടകര എംഎല്എ കെ കെ രമ അടക്കമുള്ള നേതാക്കള് ഷാഫിയെ സ്വീകരിക്കാന് വടകരയില് എത്തിച്ചേര്ന്നിരുന്നു. നൂറ് കണക്കിന് യുഡിഎഫ് പ്രവര്ത്തകരാണ് ഷാഫിയെ സ്വീകരിക്കാന് വടകരയിലെത്തി ചേര്ന്നത്. റോഡ് മാര്ഗം വടകരയിലെത്തിയ ഷാഫിയെ ആനയിക്കാന്, അവിടെ തുറന്ന വാഹനം ഒരുക്കിയിരുന്നു. കെ കെ രമ എംഎല്എക്കൊപ്പം തുറന്ന വാഹനത്തില് കയറിയ ഷാഫി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.

ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമെന്ന് എം കെ രാഘവന് എം പിയും പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഷാഫി വിളിച്ച് കരഞ്ഞു. വടകര വേണ്ട, ഡല്ഹിയിലുള്ളവരോട് പറയണമെന്ന് ഷാഫി പറഞ്ഞു. ധൈര്യമായി വടകരയിലേക്ക് പോരു എന്ന് താന് പറഞ്ഞു. ഷാഫിക്ക് ലഭിച്ചത് മാസ് എന്ട്രിയാണെന്നും എം കെ രാഘവന് എം പി പറഞ്ഞു.

'വടകര വേണ്ട, ഷാഫി രാത്രി വിളിച്ച് കരഞ്ഞു'; ധൈര്യമായി പോരാന് പറഞ്ഞുവെന്ന് എം കെ രാഘവന്

വടകരയില് യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാര്ത്ഥിയാണ് നിലവിലെ പാലക്കാട് എംഎല്എയായ ഷാഫി പറമ്പില്. വടകരയിലെ സിറ്റിങ് എംപിയായ കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതോടെയാണ് ഷാഫിയെ കോണ്ഗ്രസ് വടകരയില് നിയോഗിച്ചത്. വടകരയില് കെ കെ ശൈലജയാണ് സിപിഐഎം സ്ഥാനാര്ത്ഥി.

dot image
To advertise here,contact us
dot image