കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ തങ്ങളുടെ പങ്ക് സമ്മതിച്ച് പ്രതി പത്മകുമാറിന്റെ ഭാര്യയും മകളും. ഭാര്യ എം ആർ അനിത കുമാരിയും മകൾ പി അനുപമയും കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ഒരുമിച്ചിരിത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ ഇരുവർക്കും പങ്കില്ലെന്നായിരുന്നു പത്മകുമാർ നൽകിയ മൊഴി. തനിക്ക് മാത്രമാണ് പങ്കെന്നും താനാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്മകുമാർ മൊഴി നൽകിയത്. ഇന്നലെ 10.30 മണിക്കൂർ പ്രതികളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
മകൾക്കും ഭാര്യക്കും പങ്കില്ലെന്നാണ് പത്മകുമാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. തന്നെ കൊണ്ടുപോയി താമസിപ്പിച്ച വീട്ടിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചതും ഒരു സ്ത്രീയായിരുന്നു. കടയിലെത്തി തന്റെ ഫോൺ ആവശ്യപ്പെട്ടത് ഒരു സ്ത്രീയാണെന്ന് പാരിപ്പള്ളിയിലെ വ്യാപാരിയും പറഞ്ഞിരുന്നു. ഈ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.
പ്രതികളെ ചോദ്യം ചെയ്യുന്നത് രാവിലെയും തുടരും; അറസ്റ്റ് മൊഴിയിൽ വ്യക്തത വന്നതിന് ശേഷം മാത്രംഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികൾ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാർട്ടൂൺ കാണാൻ നൽകിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തി. ചിറക്കരയിലാണ് ഈ ഫാം ഫൗസ്.