സ്വിഗ്ഗിയിലൂടെ ദുരൂഹ കൈമാറ്റം വ്യാപകം; മയക്കുമരുന്നോ എന്ന് ആശങ്ക, റിപ്പോര്ട്ടര് എസ്ഐടി അന്വേഷണം

ജീനി വഴി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് രഹസ്യമായി സാധനങ്ങൾ കൊണ്ടുപോകാം. എന്ത് സാധനമാണെന്ന് പരിശോധന പോലും ഇല്ലാതെയാണ് സ്വിഗ്ഗി ആപ്പ് വഴിയുള്ള ഈ കടത്ത്. റിപ്പോര്ട്ടര് എസ്ഐടി അന്വേഷിക്കുന്നു.

dot image

തിരുവനന്തപുരം: സ്വിഗ്ഗിയിലെ ജീനി എന്ന ഓപ്ഷൻ വഴി അതീവ രഹസ്യമായി സാധനങ്ങൾ കൈമാറുന്നത് വ്യാപകമാകുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് സ്വിഗ്ഗി ഡെലീവറി ടീം പറയുന്നു. ജീനി വഴി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് രഹസ്യമായി സാധനങ്ങൾ കൊണ്ടുപോകാം. എന്ത് സാധനമാണെന്ന് പരിശോധന പോലും ഇല്ലാതെയാണ് സ്വിഗ്ഗി ആപ്പ് വഴിയുള്ള ഈ കടത്ത്. റിപ്പോര്ട്ടര് എസ്ഐടി അന്വേഷിക്കുന്നു.

ജീനി വഴി ബുക്ക് ചെയ്താൽ സാധനങ്ങൾ പറഞ്ഞിടത്ത് കൃത്യമായി എത്തിക്കും. ഇക്കാര്യം അന്വേഷിക്കാൻ എസ്ഐടി ഒരു പൊതി സ്വിഗ്ഗിയിലെ ജീനി ആപ് വഴി അയച്ചു. കൈമാറിയ പൊതിയിൽ വെച്ചത് ഉപ്പും രാമച്ചവും ആയിരുന്നു. സ്വിഗ്ഗി ഡെലിവറി ടീം ശംഖുമുഖം ബീച്ചിലും കനകക്കുന്നിലും ഈ സാധനം എത്തിച്ചു തന്നു. ഇതിന് പകരം മയക്കുമരുന്ന് ആയാലും അകത്ത് എന്താണെന്നറിയാതെ കൃത്യ സ്ഥലത്ത് സ്വിഗ്ഗി എത്തിച്ചേനെ എന്നതാണ് വസ്തുത.

പൊതിയിലുള്ളത് എന്താണെന്ന് അറിയാൻ പറ്റില്ല എന്നായിരുന്നു ഡെലിവറി ബോയിയുടെ പ്രതികരണം. ആപ്പിൽ ജീനി സൗകര്യമുള്ളത് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ആണ്. ജീനി വഴിയുള്ള ദുരൂഹ ഇടപാടിനെതിരെ സ്വിഗ്ഗി ഡെലിവറി ടീം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ജീനിവഴി മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നു എന്ന ആശങ്കയാണ് സ്വിഗ്ഗി ഡെലിവറി ടീം പങ്കുവച്ചത്. ജീനി വഴി മയക്കുമരുന്നിൻറെ കാരിയർമാർ ആവുകയാണെന്ന് ജീവനക്കാർ ആശങ്കപ്പെടുന്നു.

സംശയകരമായ നിരവധി പാക്കറ്റുകൾ കിട്ടിയതായി ഡെലിവറി ടീം പറയുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്ത് കാറിലും മറ്റുമാണ് പലപ്പോഴും ഇത് കൈമാറ്റം ചെയ്യുന്നത്. ഇത് മയക്കു മരുന്നാണോ എന്ന സംശയം തങ്ങൾക്കുണ്ടെന്ന് സ്വിഗ്ഗി ഡെലിവറി അംഗങ്ങൾ പറയുന്നു. സംഭവത്തെക്കുറിച്ച് എക്സൈസ് കമ്മീഷണർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ലെന്നും ഇവർ പറയുന്നു.

കൊണ്ടുപോകുന്നത് എന്താണെന്ന് ഡെലിവറി ടീമിന് അറിയില്ല എന്ന് സ്വിഗ്ഗിയും സമ്മതിക്കുന്നു. മയക്കുമരുന്ന് പോലുള്ളവ കൈമാറ്റം ചെയ്യുന്നു എന്ന് കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും പൊലീസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും സ്വിഗ്ഗി അറിയിച്ചു.

dot image
To advertise here,contact us
dot image