Top

12 താരങ്ങളെ ഒരുമിച്ചിറക്കി ബയേണ്‍; 'തന്ത്ര'ത്തില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം, കളിനിര്‍ത്തിച്ച് എതിരാളികള്‍

സബ് ചെയ്യപ്പെടുന്ന താരത്തിന്റെ നമ്പര്‍ കാണിക്കുന്ന ഇലക്‌ട്രോണിക് ബോര്‍ഡ് കൈകാര്യം ചെയ്ത ഫോര്‍ത്ത് ഒഫീഷ്യലിനോടു ജഴ്‌സി നമ്പര്‍ പറഞ്ഞു നല്‍കിയ ബയേണ്‍ ടീം മാനേജര്‍ കാഥ്‌ലീന്‍ ക്രൂഗറിനു സംഭവിച്ച പിഴവാണ് ഈ അസാധാരണ സംഭവത്തിനു കാരണമായത്.

3 April 2022 6:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

12 താരങ്ങളെ ഒരുമിച്ചിറക്കി ബയേണ്‍; തന്ത്രത്തില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം, കളിനിര്‍ത്തിച്ച് എതിരാളികള്‍
X

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഇന്നലെ നടന്ന ബയേണ്‍ മ്യൂണിക്ക് - ഫ്രീബര്‍ഗും തമ്മില്‍ നടന്ന മത്സരത്തില്‍ നടന്നത് ഫുട്‌ബോള്‍ ലോക ഇതുവരെ കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങള്‍. താരങ്ങളെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ ബയേണിനും റഫറിമാര്‍ക്കും സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ബയേണിനായി മത്സരത്തില്‍ പന്തു തട്ടിയത് ഒരേസമയം 12 താരങ്ങള്‍.

ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു ജര്‍മന്‍ വമ്പന്മാര്‍ ജയിച്ചു കയറിയ മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് അസാധാരണ സംഭവങ്ങള്‍ ഉണ്ടായത്. ആ സമയം 3-1 എന്ന സ്‌കോറില്‍ മുന്നിട്ടു നില്‍ക്കെ ചില താരങ്ങളെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ കോച്ച് ജൂലിയന്‍ നാഗെല്‍സ്മാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതുപ്രകാരം കൊറന്റിന്‍ ടോളിസോയ്ക്കു പകരം നിക്കോളാസ് സുലെയും കിങ്സ്ലി കോമാനു പകരം മാഴ്‌സല്‍ സാബിറ്റ്‌സറും എത്തി. ഇരുവരും കളത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ തന്നെ സബ് ചെയ്തത് അറിയാതിരുന്ന കോമാന്‍ കളത്തില്‍ തുടരുകയും ചെയ്തു. ഇതു ശ്രദ്ധിക്കാതെ റഫറി കളി തുടരാന്‍ അനുവദിക്കുകയായിരുന്നു. മത്സരം പുനരാരംഭിച്ച് 30 സെക്കന്‍ഡോളം കഴിഞ്ഞാണ് അബദ്ധം മനസിലാകുന്നതും കളി നിര്‍ത്തിവയ്ക്കുന്നതും.

സബ് ചെയ്യപ്പെടുന്ന താരത്തിന്റെ നമ്പര്‍ കാണിക്കുന്ന ഇലക്‌ട്രോണിക് ബോര്‍ഡ് കൈകാര്യം ചെയ്ത ഫോര്‍ത്ത് ഒഫീഷ്യലിനോടു ജഴ്‌സി നമ്പര്‍ പറഞ്ഞു നല്‍കിയ ബയേണ്‍ ടീം മാനേജര്‍ കാഥ്‌ലീന്‍ ക്രൂഗറിനു സംഭവിച്ച പിഴവാണ് ഈ അസാധാരണ സംഭവത്തിനു കാരണമായത്. കോമാനെ പിന്‍വലിക്കുന്നു എന്നു സൂചിപ്പിച്ച് ഫോര്‍ത്ത് ഒഫീഷ്യല്‍ ഉയര്‍ത്തിയ ബോര്‍ഡില്‍ തെളിഞ്ഞത് കോമാന്റെ പഴയ ജഴ്‌സി നമ്പറായ 26 ആയിരുന്നു. നിലവില്‍ താരത്തിന്റെ ജഴ്‌സി നമ്പര്‍ 11 ആണ്. ഇതാണ് കോമാന്‍ കളത്തില്‍ തുടരാന്‍ കാരണമായത്.

എന്നാല്‍ റഫറിക്കു ഗുരുതരമായ പിഴവാണ് സംഭവിച്ചത്. സാധാരണ ഗതിയില്‍ സബ് ചെയ്യപ്പെടുന്ന ആള്‍ കളത്തില്‍ നിന്നു കയറിയതിനു ശേഷം മാത്രമേ പകരക്കാരനെ ഇറങ്ങാന്‍ അനുവദിക്കാറുള്ളു. ഇവിടെ അതല്ല നടന്നത്. സബ് ചെയ്യപ്പെട്ട താരം കളം വിട്ടോ എന്നു ശ്രദ്ധിക്കാതെ കളി പുനരാരംഭിക്കുകയായിരുന്നു.

മത്സരത്തില്‍ 20 സെക്കന്‍ഡോളം നേരം ബയേണിന് ആള്‍ബലം കൂടിയതിന്റെ ആനുകൂല്യം ലഭിച്ചു. സംഭവം ശ്രദ്ധയിപ്പെട്ട ഫ്രീബെര്‍ഗ് താരങ്ങള്‍ കളിനിര്‍ത്തി റഫറിയുമായി കയര്‍ക്കുകയായിരുന്നു. ചൂടേറിയ വാക്കേറ്റങ്ങള്‍ കാരണം എട്ടുമിനിറ്റോളം കളി നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ പകരക്കാരനായി ഇറങ്ങഇയ സാബിറ്റ്‌സറിലൂടെ ഒരു ഗോള്‍ കൂടി നേടി ബയേണ്‍ മത്സരം അവസാനിപ്പിക്കുകയും ചെയ്തു.

Next Story