ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ;TVK ചിറകിൽ ഉയിർപ്പ്

കിള്ളിയൂരിൽ നിന്നുള്ള ജനപ്രതിനിധി രാജേഷ് കുമാറും മേലൂരിൽ നിന്നുള്ള പി വിശ്വനാഥനുമാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺ​ഗ്രസിന് ഭരണ പങ്കാളിത്തം. രണ്ട് കോൺ​ഗ്രസ് എംഎൽഎമാരാണ് ഇന്ന് വിജയ് മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കന്യാകുമാരി ജില്ലയിലെ കിള്ളിയൂരിൽ നിന്നുള്ള ജനപ്രതിനിധി രാജേഷ് കുമാറും മധുര ജില്ലയിലെ മേലൂരിൽ നിന്നുള്ള പി വിശ്വനാഥനുമാണ് മന്ത്രിമാരായി ചുമതലയേറ്റത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കാമരാജിനെയും രാജീവ് ​ഗാന്ധിയെയും രാഹുൽ ​ഗാന്ധിയെയും രാജേഷ് കുമാർ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ ഇത് സത്യപ്രതിജ്ഞയുടെ ഭാ​ഗമല്ലെന്ന് ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ നിന്നും മത്സരിച്ച് വിജയിച്ച പട്ടികജാതി വിഭാ​ഗത്തിൽ നിന്നുള്ള നേതാവാണ് പി വിശ്വനാഥൻ. നേരത്തെ 2009 മുതൽ 2014വരെ കാഞ്ചീപുരത്ത് നിന്നുള്ള ലോക്സഭാം​ഗം കൂടിയായിരുന്നു വിശ്വനാഥൻ. കിള്ളിയൂരിൽ നിന്ന് തുടർച്ചയായി മൂന്നാം തവണ നിയമസഭയിലെത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവാണ് രാജേഷ് കുമാർ. തമിഴ്നാട് നിയമസഭയിലെ കോൺ​ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് രാജേഷ് കുമാർ.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ തമിഴ്നാട്ടിലെ രണ്ട് പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യം ചേർന്ന് മത്സരിച്ചത് കോൺ​ഗ്രസിൻ്റെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് സഹായകമായിട്ടില്ലെന്ന വിലയിരുത്തിലുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടിവികെയ്ക്ക് ഒപ്പം ചേർന്ന് കോൺ​ഗ്രസ് പുതിയ ഭാ​ഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. തമിഴ്നാട്ടിൽ ഭരണസംവിധാനത്തിൽ ചേരാൻ തീരുമാനിച്ചതിനെ ആവേശത്തോടെയാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺ​ഗ്രസ് ശ്രമിക്കുമെന്ന മാണിക്കം ടാഗോറിൻ്റെ പ്രതികരണം ടിവികെ സഖ്യത്തെ കോൺഗ്രസ് ​ഗൗരവത്തോടെയാണ് കാണുന്നതെന്നതിൻ്റെ സൂചനയാണ്.

1967ൽ ആദ്യ കോൺ​ഗ്രസ് ഇതര മന്ത്രിസഭ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ തമിഴ്നാട്ടിൽ കോൺ​ഗ്രസിന് മന്ത്രിസഭയിൽ ഇടം ഉണ്ടായിട്ടില്ല. 1952 മുതൽ 1967 വരെ അധികാരത്തിലിരുന്ന കോൺ​ഗ്രസിനെ പരാജയപ്പെടുത്തി 1967ലാണ് ഡിഎംകെ ആദ്യമായി അധികാരത്തിൽ എത്തുന്നത്. എം ഭക്തവത്സലമായിരുന്നു തമിഴ്നാട്ടിലെ അവസാന കോൺ​ഗ്രസ് എംഎൽഎ. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഡിഎംകെയുമായും എഐഡിഎംകെയുമായും നിരവധി തവണ ഭരണസഖ്യത്തിൽ പങ്കാളികളായിട്ടുണ്ടെങ്കിലും കോൺ​ഗ്രസിന് മന്ത്രിസഭയിൽ പങ്കാളിത്തം ലഭിച്ചിരുന്നില്ല.

തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ടതിന് ശേഷം1971ലാണ് ഇന്ദിരാ ​ഗാന്ധി നേതൃത്വം നൽകിയിരുന്ന കോൺ​ഗ്രസ് ആർ, ഡിഎംകെയ്ക്കൊപ്പം മുന്നണിയുടെ ഭാ​ഗമാകുന്നത്. കാമരാജിൻ്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺ​ഗ്രസിനെ പ്രതിരോധിക്കുന്നതിനായിരുന്നു ഇന്ദിരാ ​ഗാന്ധി അന്നത്തെ ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യം ചേ‍ർന്നത്. എന്നാൽ ഈ സഖ്യം അധികം നീണ്ടില്ല. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977ൽ കോൺ​ഗ്രസ് എഐഡിഎഎംകെയുമായി സഖ്യത്തിലായി. എന്നാൽ 1979ൽ തഞ്ചാവൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാ ​ഗാന്ധിയെ പിന്തുണയ്ക്കാനുള്ള ആവശ്യം എംജിആർ നിഷേധിച്ചതോടെ കോൺ​ഗ്രസ് എഐഎഡിഎംകെ സഖ്യം തകർന്നു. അതോടെ 1980ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ഡ‍ിഎംകെ സഖ്യത്തിൻ്റെ ഭാ​ഗമായി. എന്നാൽ 1984ലെ പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും എഐഎഡിഎംകെ കോൺ​ഗ്രസ് സഖ്യം. എംജിആറിന് അമേരിക്കയിൽ ചികിത്സ നടത്തുന്നതിന് ഇന്ദിരാ ​ഗാന്ധി നൽകിയ സഹായങ്ങൾ മാനിച്ചായിരുന്നു എഐഎഡിഎംകെ കോൺ​ഗ്രസുമായി സഖ്യം ചേ‍ർന്നത്. 1987ൽ എംജിആറിൻ്റെ മരണം വരെ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം അ‍ചഞ്ചലമനായി തുടർന്നു.

പിന്നീട് 1991-96 കാലയളവിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായും കോൺ​ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. പിന്നീട് 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ബിജെപിയുമായി സഖ്യത്തിലായതോടെ കോൺ​ഗ്രസ് ബന്ധം ഉലഞ്ഞു. എഐഎഡിഎംകെ-ബിജെപി സഖ്യം ഒരു വർഷം മാത്രമാണ് നീണ്ടത്. 1999ലെ പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ ബിജെപി മുന്നിയുടെ ഭാ​ഗമായി. 2001ൽ കോൺ​ഗ്രസ് വീണ്ടും എഐഎഡിഎംകെ സഖ്യത്തിൻ്റെ ഭാ​ഗമായി. എന്നാൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ ബിജെപി സഖ്യം വിട്ട് പുറത്ത് വരികയും പിന്നീട് യുപിഎയുടെ പങ്കാളികളാകുകയുമായിരുന്നു. ആ ബന്ധമാണ് വിജയ് സർക്കാരിന് പിന്തുണ നൽകാൻ കോൺ​ഗ്രസ് തീരുമാനിച്ചതോടെ തകർന്നത്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നയിക്കുന്ന സെക്യുലർ പ്രോ​ഗ്രസീവ് മുന്നണിയുടെ ഭാ​ഗമായിട്ടായിരുന്നു കോൺ​ഗ്രസ് തെരഞ്ഞെടുപ്പിനെ നേടിട്ടത്. 28 സീറ്റിൽ മത്സരിച്ച കോൺ​ഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. 2021ൽ 25 സീറ്റിൽ വിജയിച്ച കോൺ​ഗ്രസ് 18 സീറ്റുകൾ നേടിയിരുന്നു. എന്നാൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് കൂടുതൽ സീറ്റുകളും മന്ത്രിസഭയിലെ പ്രാതിനിധ്യവും ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയിലേയ്ക്ക് പരി​ഗണിക്കണമെന്ന കോൺ​ഗ്രസിൻ്റെ ആവശ്യം തള്ളിയ ഡിഎംകെ മൂന്ന് സീറ്റുകൾ കോൺ​ഗ്രസിന് അധികമായി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്വന്തം നിലയിൽ കേവലഭൂരിപക്ഷം ഇല്ലാതിരുന്ന ടിവികെയ്ക്ക് കോൺ​ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കൂടിയാലോചന നടത്താതെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺ​ഗ്രസിനെതിരെ ഡിഎംകെ രം​ഗത്ത് വന്നിരുന്നു.

After a gap of 59 years, Congress secures ministerial berths in the Tamil Nadu government. The party makes a strong comeback, boosted under the wings of Vijay’s TVK as the alliance shows early signs of revival in state politics.

To advertise here,contact us