ഇടുക്കി: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (54)എന്നിവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് സംശയിക്കുന്നത്. കേസില്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യൂവിന്റെ തിരോധാനത്തില്‍ വീണ്ടും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 2018 മെയ് അഞ്ച് മുതലാണ് മാത്യൂവിനെ കാണാതായത്.
സുവിശേഷകനായിരുന്ന മാത്യൂവിന്റെ തിരോധാനത്തില്‍ റെജി നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സുവിശേഷവേലയ്ക്കായി മാത്യു മാറി നില്ക്കാറുണ്ടായിരുന്നു. അതിനാല്‍ ദിവസങ്ങളോളം കാണാതിരുന്നപ്പോഴും അസ്വാഭാവികതയുണ്ടായിരുന്നില്ല. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തില്‍ മാത്യുവിന്റെ തിരോധാനത്തിലും ദുരൂഹത സംശയിക്കുന്നുണ്ട്. തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മേരിക്കുട്ടിയുടെ ഇളയമകന് സജിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകള്‍ സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഒരേകുഴിയിലായിരുന്നു രണ്ട് മൃതദേഹങ്ങള്‍. ഇതില്‍ കുമ്മായം വിതറിയിരുന്നു.
Content Highlights: Idukki nedumkandam Re-investigation into Missing Case of mathew