തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ പരിക്കേറ്റ ലൈസന്‍സി സതീഷിന്റെ നില അതീവഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത് നാലുപേരാണ്. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്, രാകേഷ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായും വിവരമുണ്ട്. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയക്കാന്‍ സാധിക്കും.
അതേസമയം, തൃശൂര്‍ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്. പാറമേക്കാവ് ഭാഗം ഇന്നലെ യോഗം ചേര്‍ന്നിരുന്നെന്നും ഒരാള്‍ പോലും പൂരം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജി രാജേഷ് പറഞ്ഞു. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ പറയുമെന്നും ദേശക്കാരുടെ വികാരം അറിയിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും രാജേഷ് പറഞ്ഞു. 'ഭരണസമിതി യോഗത്തിലും ആഘോഷ കമ്മിറ്റി യോഗത്തിലും പൂരം നടത്തണം എന്നുളളതായിരുന്നു ആവശ്യം. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ അറിയിക്കും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാം. വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി വെടിമരുന്നുകള്‍ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വെടിക്കെട്ട് നടത്താതെ അതെങ്ങനെയാണ് ഒഴിവാക്കുക. 2006-ല്‍ വെടിക്കെട്ട് അപകടമുണ്ടായിട്ടും പൂരം നടന്നു. ഇപ്പോള്‍ എന്താണ് മറ്റൊരു നിലപാട്. അത് പൂരത്തിനെ തകര്‍ക്കാനാണോ എന്നാണ് സംശയം'-ജി രാജേഷ് പറഞ്ഞു.
പടക്ക നിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസെടുത്തത് തെറ്റായ നടപടി ആണെന്നും അതില്‍ നിന്ന് പാലക്കാട് കമ്മീഷണറും ജില്ലാ കളക്ടറും പിന്മാറണമെന്നും ജി രാജേഷ് ആവശ്യപ്പെട്ടു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നടപടിയാണ് അതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര് കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയര്‍ന്നു.
Content Highlights: Mundathikode fireworks display accident; Licensee Satish's condition is critical