തെഹ്‌ലിയ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനി തന്നെ; ഷാഫി ജയിച്ചത് കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യത്തില്‍: എളമരം കരീം

നൂര്‍ബിന റഷീദിനെതിരെ നടപടി എടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും എളമരം കരീം

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനി തന്നെയാണെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആരോപണം ഉന്നയിച്ച വനിതാ ലീഗ് നേതാവിനെതിരെ നടപടി എടുക്കാത്തത് ഭയം മൂലമാണെന്ന് എളമരം കരീം പറഞ്ഞു. നൂര്‍ബിന റഷീദിനെതിരെ നടപടി എടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ ഇസ്‌ലാമാണ്. മുസ്‌ലിം വോട്ട് ലഭിക്കില്ലെന്ന വികല വാദം ഉന്നയിച്ചാണ് മുല്ലപ്പള്ളിയെ മാറ്റി നിര്‍ത്തിയത്. മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ തുറന്ന് പറഞ്ഞില്ല എന്നേ ഉള്ളൂ', എളമരം കരീം പറഞ്ഞു. ഷാഫി പറമ്പില്‍ വലിയ ഘടകമല്ലെന്നും എളമരം കരീം പറഞ്ഞു.

റീല്‍സ് ഇട്ട് റീച്ച് വര്‍ധിപ്പിക്കാനാണ് ഷാഫി ശ്രമിക്കുന്നതെന്നും കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യത്തിലാണ് ഷാഫി ജയിച്ചതെന്നും എളമരം കരീം പറഞ്ഞു. നേരത്തെ പേരാമ്പ്രയില്‍ തെഹ്‌ലിയക്ക് വേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തെഹ്‌ലിയ പങ്കെടുത്തിരുന്നില്ല.

അതേസമയം പേരാമ്പ്ര പിടിച്ചെടുക്കുമെന്ന് തെഹ്‌ലിയ പ്രതികരിച്ചു. എല്‍ഡിഎഫ് തുടങ്ങിവെച്ച വിവാദങ്ങള്‍ക്ക് മറുപടി പറയില്ല. വിവാദങ്ങളെ നിയമപരമായി നേരിടുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. മണ്ഡലത്തിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് താന്‍ വോട്ട് പിടിക്കുന്നതെന്നും തെഹ്‌ലിയ പറഞ്ഞു.

Content Highlights: Elamaram Kareem says Perambra UDF candidate Fathima Thahiliya is Welfare nominee

To advertise here,contact us