ഭക്ഷ്യകിറ്റ് സംഘർഷത്തിൽ കേസ്, പ്രതാപൻ കാപട്യക്കാരനെന്ന് ബിജെപി; സതീഷ് ഏത് പാർട്ടിയെന്ന് അറിയില്ലെന്ന് മാനേജർ

കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് സതീഷ് എന്നയാളാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പശ്ചാത്തലം അറിയില്ലെന്നും ചാമ്പ്യന്‍സ് ഗോഡൗണ്‍ മാനേജര്‍ സുഭാഷ് റിപ്പോര്‍ട്ടറിനോട്

തൃശ്ശൂര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്തു. സംഭവത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അന്വേഷണം വേണമോയെന്നത് കോടതി തീരുമാനിക്കും. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനുമേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

അതേസമയം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് സതീഷ് എന്നയാളാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പശ്ചാത്തലം അറിയില്ലെന്നും ചാമ്പ്യന്‍സ് ഗോഡൗണ്‍ മാനേജര്‍ സുഭാഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സതീഷ് ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയില്ല. അത് നമ്മള്‍ അറിയേണ്ട കാര്യവുമല്ല. കിറ്റുകള്‍ തയ്യാറാക്കി തുടങ്ങുമ്പോഴാണ് പ്രശ്‌നം ഉണ്ടായതെന്നും സുഭാഷ് പറഞ്ഞു.

എന്നാല്‍ ശൂന്യതയില്‍ നിന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ് ടി എന്‍ പ്രതാപന്‍ എന്ന് മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. നാടകം കളിച്ച് പ്രശ്‌നം സൃഷ്ടിക്കുകയാണ് ടി എന്‍ പ്രതാപന്‍. ഗോഡൗണില്‍ കിറ്റ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ദേവന് കാലത്ത് മുതല്‍ വൈകീട്ട് വരെ 12ഓളം കുടുംബയോഗങ്ങളുണ്ടായിരുന്നു. ഗോഡൗണ്‍ ഉടമ എസ്എന്‍ഡിപി നേതാവാണ്. അദ്ദേഹത്തെ സമ്പര്‍ക്കം ചെയ്യാനാണ് ദേവന്‍ പോയത്. അതില്‍ എന്താണ് തെറ്റ് എന്നും അനീഷ് കുമാര്‍ ചോദിച്ചു. ഏതെങ്കിലും ഒരുവോട്ടര്‍ക്ക് ബിജെപി കിറ്റ് കൊടുത്തതിന് തെളിവുണ്ടോ? വ്യാപാരി വിഷുവിനായി തയ്യാറാക്കുന്ന കിറ്റാണത്. അതില്‍ എന്താണ് തെറ്റെന്നും അനീഷ് കുമാര്‍ ചോദിച്ചു.

വാടാനപ്പള്ളിയില്‍ ബിജെപി നേതാക്കളുടെ പ്രചാരണം മുടങ്ങിയതിനെതിരെ പരാതി നല്‍കാനാണ് ബിജെപി തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അനീഷ് കുമാര്‍ പറഞ്ഞു. നടന്‍ നടന്‍ ദേവന്റെ പ്രചാരണം മുടക്കി. തോല്‍വി കണ്ടുള്ള പൊറാട്ട് നാടകമാണ് പ്രതാപന്‍റേത് എന്നും അനീഷ് കുമാര്‍ പറഞ്ഞു.

ഇന്നലെയായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വാടാനപ്പള്ളിയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷമുണ്ടായത്. മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പിന്നീട് വിട്ടയക്കുകയായിരുന്നു.

Content Highlights: Case in food kit dispute at Vadanappally Thrissur

To advertise here,contact us