തൃശ്ശൂര്‍: ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാര്‍ത്തിക' സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന് എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് ആയിരുന്നു പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 26 കിറ്റുകള്‍ പിടിച്ചെടുത്തു.
ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാന്‍ വന്നതെന്നാണ് മൂവരും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. രാധാകൃഷ്ണന് എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തുവെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകള്‍ ഇതുവരെ ആളുകള്‍ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകള്‍ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. രാധാകൃഷ്ണന് പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം.
Content Highlights: case over Complaint filed against BJP for providing food kits to voters in Thrissur