തിരുവനന്തപുരം: വിളപ്പിൽശാല ചികിത്സാപിഴവിലെ അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിന് രൂക്ഷ ഭാഷയില് മറുപടി നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. എൽഡിഎഫ് സർക്കാർ കാലത്തെ ആശുപത്രി സേവനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തെ സേവനങ്ങളും താരതമ്യപ്പെടുത്തിയാണ് മന്ത്രി മറുപടി നൽകിയത്. സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് യുഡിഎഫ് കാലത്തെ ചികിത്സാവീഴ്ചകൾ മന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേർക്ക് കാഴ്ച നഷ്ടമായി. അവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമായാണ്. യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേരാണ്. പ്രസവത്തിനിടെ 950 പേർ മരിച്ചു. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലും ലാബ് നെറ്റ്വർക്ക് ഉണ്ടായി. കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ യുഡിഎഫ് കാലത്ത് കാത്ത് ലാബ് തുടങ്ങിയോ എന്നും മന്ത്രി ചോദിച്ചു.
പിന്നാലെ വിളപ്പിൽശാല വിഷയത്തിലും വീണ ജോർജ് പ്രതികരിച്ചു. മരിച്ച ബിസ്മിറിന്റെ കുടുംബത്തിനോട് അനുശോചനം രേഖപ്പെടുത്തുകയാണ്. ബിസ്മീറിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ രണ്ട് മിനുട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. സുരക്ഷ കാരണങ്ങളാൽ ഗ്രിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കത്രിക അകത്തുവെച്ചത് 2017ലാണോ 14ൽ ആണോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹർഷീന പറയുന്നത് 2017ൽ എന്നാണ്. അത് വിശ്വാസത്തിലെടുത്ത് 2 ലക്ഷം രൂപ ധനസഹായം നൽകി. നിലവിൽ കോടതിയിൽ കേസ് നടക്കുകയാണ് എന്നും വിധി അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മെഡിക്കൽ കോളേജുകളോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. അവിടേക്ക് രോഗികൾ വന്നാൽ റിഫേഴ്സ് റഫറൻസ് ആണ്. ജില്ലാ ആശുപത്രിയിലേക്കാണ് തിരിച്ചയക്കുന്നത്. കളക്ടർ അപകടത്തിൽപ്പെട്ടപ്പോൾ തൊട്ടടുത്ത് മെഡിക്കൽ കോളജ് ഉണ്ടായിട്ടും ആദ്യം പോകേണ്ടിവന്നത് സ്വകാര്യ ആശുപത്രിയിലാണ്. സിസ്റ്റത്തിൽ ഉണ്ടായ തകരാറ് നിയമസഭയിൽ അല്ലാതെ എവിടെ പോയി പറയും എന്നും സതീശൻ ചോദിച്ചു.
ഇത് മന്ത്രിക്ക് എതിരായ വ്യക്തി വിമർശനമല്ല എന്നും സതീശൻ പറഞ്ഞു. സർക്കാരിനെ വിമർശിക്കുമ്പോൾ അതിൻറെ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. സിസ്റ്റം തകർന്നുവെന്ന് ഡോക്ടർമാർ തന്നെ പറയുകയാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സ മെച്ചപ്പെടുത്തിയില്ലെങ്കിൽ സാധാരണക്കാരന് ചികിത്സ നഷ്ടമാകും. സർക്കാർ മേഖലയിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാണ് പ്രതിസന്ധി മറികടക്കേണ്ടത്. പിന്നാലെ ആരോഗ്യ കേരളം വെൻറിലേറ്ററിൽ ആണെന്നും അതിനെ ആരോഗ്യവതിയാക്കിയേ മതിയാകൂ എന്നും സതീശൻ പറഞ്ഞു.
വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് ബിസ്മിർ എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിലായിരുന്നു നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.പി സി വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ചത്.
ബിസ്മിറിന് ശ്വാസതടസം നേരിട്ടപ്പോൾ ഏറ്റവും എളുപ്പത്തിൽ ഭാര്യ വിളപ്പിൽശാലയിലെ ആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചിരുന്നു. അവിടെ ചെല്ലുമ്പോൾ ആശുപത്രി ഗ്രിൽ ഇട്ട് പൂട്ടിയിരിന്നു. മൂന്ന് പൂട്ട് ഇട്ടാണ് ഇത് പൂട്ടിയിരുന്നത്. വയ്യാത്ത അദ്ദേഹം കരഞ്ഞുകൊണ്ടാണ് തനിക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണെന്നും രക്ഷിക്കണമെന്നും വിളിച്ചു പറഞ്ഞത്. എന്തിനാണ് ആശുപത്രി പൂട്ടിയിടുന്നത് എന്ന ചോദ്യത്തിന് ഡോക്ടർ പറഞ്ഞത് പട്ടി വരും സ്ത്രീ ജീവനക്കാരുണ്ട് എന്നെല്ലാമാണ്. അതിന് ഒരു സെക്യൂരിറ്റിയെ വെച്ചാൽ പോരെ. ബിസ്മിറിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതുവരെ ആരോഗ്യവകുപ്പിന്റെ ഒരു അന്വേഷണ സംവിധാനവും അവരെ ബന്ധപ്പെട്ടിട്ടില്ല. അവരുടെ മൊഴിയോ വിശദീകരണമോ ഇല്ലാതെ പിന്നെ എന്തു റിപ്പോർട്ട് ആണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയതെന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.
പാലക്കാട് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും വിഷ്ണുനാഥ് സഭയിൽ പരാമർശിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ഉണ്ടായിരുന്ന തന്റെ കൈ എവിടെ പോയി എന്നാണ് ആ കുട്ടി ചോദിക്കുന്നത്. ആ കുഞ്ഞിന് എന്ത് മറുപടിയാണ് നമ്മൾ നൽകുക. ഇവരെല്ലാം സിസ്റ്റത്തിന്റെ ഇരകളാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ഇത് മാത്രമല്ല ഇത്തരം നിരവധി കേസുകളാണ് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ചികിത്സാ പിഴവ് നേരിട്ട മറ്റൊരു വ്യക്തിയാണ് ഹർഷിന. ഒരു വാഗ്ദാനവും പാലിക്കപ്പെടാത്തതിനാൽ ഹർഷിന ആരോഗ്യ മന്ത്രിയുടെ വസതിക്കുമുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ്. റിപ്പോർട്ട് തേടൽ മാത്രമാണ് ആരോഗ്യ വകുപ്പിൽ നടക്കുന്നത്. സർക്കാർ നടപടി എടുക്കണമെന്ന് തങ്ങൾ ഇനി പറയില്ല. ഈ സർക്കാരിനെതിരെ നടപടിയെടുക്കാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു. സിസ്റ്റം കൊന്നതാണ് കൊല്ലത്തെ വേണു അടക്കമുള്ള രോഗികളെയെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു.
Content Highlights: Veena george lashes out at opposition on health sector claims at niyamasabha