ശബരിമല സ്വര്‍ണക്കൊള്ള; 'പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു?', വിമര്‍ശിച്ച് ഹൈക്കോടതി

കേസില്‍ പൊലീസ് പ്രതി ചേര്‍ത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്നും വിലയിരുത്തി. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കേസില്‍ പൊലീസ് പ്രതി ചേര്‍ത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കൈപ്പട പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി അപേക്ഷ നല്‍കി. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതിലാണ് പരിശോധന. തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നല്‍കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാനാണ് നീക്കം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കും.

സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ‍‌‍‌ർക്ക് നേരിട്ട് പങ്കെന്ന് എസ്‌ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തി.

Content Highlights: high court criticises sit for not filing chargesheet in sabarimala gold robbery case

To advertise here,contact us