തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി; പിങ്ക് പൊലീസിന്റെ കാര്‍ കുത്തിമറിച്ചു

എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു

തൃശൂര്‍: പൊറത്തിശേരിയില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന വിരണ്ടോടുന്നതിനിടെ പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിച്ചു. വാഹനം ഭാഗികമായി തകര്‍ന്ന നിലയിലാണ്. മറ്റ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. കല്ലട വേലയുടെ ഭാഗമായി പടിഞ്ഞാറ്റുമുറി ദേശം എഴുന്നളളിപ്പിനായാണ് ആനയെ എത്തിച്ചത്.

വേല നടക്കുന്ന കണ്ടാരംതറ മൈതാനത്തേക്ക് എത്തിച്ച ആന കോലമെല്ലാം ഇറക്കിയതിന് ശേഷമാണ് വിരണ്ടോടിയത്. അതിനിടെ മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിക്കുകയായിരുന്നു. തുടര്‍ന്ന് മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. പിങ്ക് പൊലീസിന്റെ കാറിന്റെ പിറകുവശം തകര്‍ന്നു. കാറിന് തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. ഓട്ടോറിക്ഷയെ പക്ഷെ ആന ആക്രമിച്ചില്ല. എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്ന് തളച്ച ആനയെ എഴുന്നളളിക്കാതെ മടക്കി.

Content Highlights: Elephant attack pink police car in thrissur

To advertise here,contact us