കൊച്ചി: കഴിഞ്ഞ മൂന്ന് വര്ഷത്തിനിടയില് കൊച്ചിയില് സ്വകാര്യ ബസ് ഇടിച്ച് 59 പേര് മരിച്ചെന്ന് റിപ്പോര്ട്ട്. ഇക്കാലയളവില് 739 ബസ് അപകടമാണ് കൊച്ചിയില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അസിസ്റ്റന്റ് കമ്മീഷണര് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്. സ്വകാര്യ ബസുകള് മൂലമുള്ള അപകടം വര്ധിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല് മരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള അപകടങ്ങള് കുറഞ്ഞു വരുന്നതായും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു.
2023ല് 23 മരണം ഉള്പ്പെടെ 228 അപകടങ്ങളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 2024ല് 20 മരണവും 240 അപകടവും ഉണ്ടായി. കഴിഞ്ഞ വര്ഷം അപകടത്തിന്റെ കണക്ക് 271ലേക്ക് ഉയര്ന്നെങ്കിലും മരണം 16ലേക്ക് കുറഞ്ഞു. പതിവായി ഗതാഗത നിയമങ്ങള് ലംഘിക്കുന്നതും സുരക്ഷാ കാര്യങ്ങള് പാലിക്കാത്തതുമായ വാര്ത്താ റിപ്പോര്ട്ടുകളെ തുടര്ന്ന് കമ്മീഷന് സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കവേയാണ് കമ്മീഷണര് റിപ്പോര്ട്ട് സമര്പ്പിച്ചത്.
കഴിഞ്ഞ വര്ഷം മാത്രം വിവിധ കുറ്റകൃത്യങ്ങളെ തുടര്ന്ന് സ്വകാര്യ ബസ് ഓപ്പറേറ്റര്മാരില് നിന്നും തൊഴിലാളികളില് നിന്നും ആകെ 97.65 കോടി രൂപയാണ് പിഴയായി വാങ്ങിയതെന്ന് റിപ്പോര്ട്ടില് പറയുന്നു. ആകെ 17,770 ചലാനുകളാണ് പൊലീസ് ചുമത്തിയത്.
യാത്രക്കാര്ക്കും മറ്റ് റോഡ് ഉപഭോക്താക്കള്ക്കും ബുദ്ധിമുട്ടാകുന്ന തരത്തില് വാഹനം നിര്ത്തുന്നു, തടസമാകുന്ന തരത്തിലുള്ള പാര്ക്കിങ്, നിയമപരമായ ഉത്തരവുകള് അനുസരിക്കാതിരിക്കല്, നിശ്ചിത ബസ് സ്റ്റോപ്പുകളില് നിര്ത്താതിരിക്കുക, ലൈസന്സില്ലാത്ത കണ്ടക്ടര്മാരെ ജോലിയിലെടുക്കുക, ബസ് ജീവനക്കാരോട് മോശമായി പെരുമാറുക, അനുവദനീയമായതില് അധികം യാത്രക്കാരെയും ലഗേജുകളെയും ബസില് കയറ്റുക തുടങ്ങിയ കുറ്റങ്ങളാണ് ബസ് ഓപ്പറേറ്റര്മാര്ക്കെതിരെ ചുമത്തിയത്.
Content Highlights: A recent report states that 59 people died in Kochi over a period of three years