തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില് പ്രവര്ത്തിക്കുന്ന വട്ടിയൂര്ക്കാവ് എംഎല്എ ഓഫീസ് ഒഴിയണമെന്ന ശാസ്തമംഗലം കൗണ്സിലറുടെ ആവശ്യം സാമാന്യമര്യാദയുടെ ലംഘനമെന്ന് വി കെ പ്രശാന്ത് എംഎല്എ. അവര്ക്ക് അധികാരം കിട്ടിയതുകൊണ്ട് ബാക്കിയുള്ളവരെല്ലാം നാടുവിട്ട് പോകണം എന്നുപറഞ്ഞാല് അംഗീകരിക്കാനാകില്ല. ശ്രീലേഖ ഒറ്റയ്ക്ക് വിളിച്ച് ഇത്തരമൊരു കാര്യം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. പുതിയ ഭരണനേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് സംശയിക്കുന്നുവെന്നും വി കെ പ്രശാന്ത് റിപ്പോര്ട്ടറോട് പറഞ്ഞു.
'ഇന്നലെ രാവിലെയാണ് ശ്രീലേഖ തന്നെ വിളിച്ചത്. കഴിഞ്ഞ ഏഴ് വര്ഷമായി കൗണ്സിലറുടെ ഓഫീസും എംഎല്എ ഓഫീസും ഇതേ കെട്ടിടത്തില് സുഗമമായി പ്രവര്ത്തിച്ചുവരികയാണ്. അവരുടെ ഓഫീസ് ചെറുതാണെന്നും സൗകര്യക്കുറവുണ്ടെന്നും മാറിത്തരണമെന്നുമാണ് ആവശ്യപ്പെട്ടത്. മാര്ച്ച് വരെ കാലാവധിയുണ്ടെന്നും അത് കഴിഞ്ഞ് മാറാമെന്നുമാണ് അറിയിച്ചത്. ഈ ടേം കഴിയുന്നതുവരെ ഒഴിയാന് ഉദ്ദേശിച്ചിട്ടില്ലെന്നും അറിയിച്ചു. സാമാന്യമര്യാദയുടെ ലംഘനം കൂടിയാണിത്. നഗരസഭാ കൗണ്സില് അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തില് വാടക നിശ്ചയിച്ചാണ് മുറി അനുവദിക്കുന്നത്', വി കെ പ്രശാന്ത് വിശദീകരിച്ചു.
താന്മേയറായി ഇരിക്കുന്ന കാലത്താണ് ഈ കെട്ടിടം നിര്മ്മിക്കുന്നതും ഉദ്ഘാടനം നടക്കുന്നതുമെങ്കിലും അതൊരു വാദമായി പറയാന് ഉദ്ദേശിക്കുന്നില്ല. കടിഞ്ഞുതൂങ്ങേണ്ട ആവശ്യവുമില്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു. ഇതെല്ലാം ജനം വിലയിരുത്തും. ഇക്കാര്യത്തില് നിയമപരമായ മാര്ഗങ്ങള് മാത്രമെ സ്വീകരിക്കൂ. അവിടെയേ ഇരിക്കൂവെന്ന തീരുമാനമില്ല. പാര്ട്ടിയുമായി ആലോചിക്കുമെന്നും വി കെ പ്രശാന്ത് പറഞ്ഞു.
നിലവില് ശാസ്തമംഗലത്തുള്ള കോര്പ്പറേഷന് കെട്ടിടത്തിലാണ് വട്ടിയൂര്ക്കാവ് എംഎല്എയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതേകെട്ടിടത്തിലാണ് മുന് കൗണ്സിലര്ക്കും ഓഫീസ് ഉണ്ടായിരുന്നത്. എന്നാല് ഈ മുറി ചെറുതാണെന്നും എംഎല്എ ഓഫീസ് പ്രവര്ത്തിക്കുന്ന മുറി തനിക്ക് വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്.
Content Highlights: V K Prasanth Reply to sreelekha ips over vattiyoorkavu mla office