നാറ്റോയെ വീണ്ടും വിമർശിച്ച് ഡോണൾഡ് ട്രംപ്; ​ഗ്രീൻലാൻഡിനെ ഓർക്കണമെന്ന് ഭീഷണി

ആർട്ടിക്ക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാഡിനെ ലക്ഷ്യം വെച്ചായിരുന്നു ട്രംപിൻ്റെ വിമർശനം

വാഷിം​ഗ്ടൺ: വീണ്ടും നാറ്റോയ്ക്കെതിരെ വിമർശമുന്നയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആർട്ടിക്ക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാഡിനെ ലക്ഷ്യം വെച്ചായിരുന്നു ട്രംപിൻ്റെ വിമർശനം. ഇറാനെതിരായ യുദ്ധത്തിൽ യുഎസിന് നാറ്റോയും സഖ്യകക്ഷികളും പിന്തുണ നൽകിയില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയ്ക്ക് ആവശ്യമുള്ള സമയത്ത് നറ്റോ അവിടെ ഇല്ലായിരുന്നു എന്നാണ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് കുറ്റപ്പെടുത്തിയത്. ​ഗ്രീൻലാൻഡ് എന്ന ഐസ് കഷ്ണത്തെ പറ്റി നാറ്റോ ഓ‍‍‍ർക്കണമെന്നും ട്രംപ് ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നാറ്റോയെ വിമർശിച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തിൽ നാറ്റോ പിന്തുണ നൽകിയില്ലെന്ന് ആരോപിച്ച് ട്രംപ് പല തവണ വിമർശമുന്നയിച്ച് രം​ഗത്തെത്തിയിരുന്നു. നാറ്റോയ്ക്കും സഖ്യകക്ഷികൾക്കും എതിരെ ട്രംപ് പല തവണ ഭീഷണിയും മുഴക്കിയിരുന്നു. ഇത്തവണ ​ഗ്രീൻലാൻഡിനെ ചൂണ്ടികാട്ടിയാണ് ട്രംപിൻ്റെ ഭീഷണി. യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ലെന്ന് ട്രംപ് പല തവണ പറഞ്ഞിട്ടുണ്ട്. ​ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ യുഎസ് നീക്കം നടത്തുന്ന സമയം മുതൽ ട്രംപ് നാറ്റോയ്ക്ക് എതിരെ വിമർശനം നടത്താറുണ്ട്. ജനുവരിയിൽ ദാവോസിൽ നടന്ന് ലോക സാമ്പത്തിക ഫോറത്തിലും ട്രംപ് ​ഗ്രീൻലാൻഡ് വിഷയം ചൂണ്ടികാട്ടി നാറ്റോയെ പരസ്യമായി വിമർശിച്ചിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്ക്കാലിക വെടിനിർത്തൽ നടത്തിയത് തൊട്ട് പിന്നാലെയാണ് ​ഗ്രീൻലാൻഡിനെ ലക്ഷ്യമിട്ട് ട്രംപ് വീണ്ടും എത്തിയത്. നാറ്റോ അംഗമായ ഡെന്‍മാര്‍കിന്റെ ഒരു അര്‍ദ്ധസ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. നാറ്റോയുടെ സഖ്യകക്ഷിയായ ഡെൻമാർക്കിൻ്റെ നിയന്ത്രണ പ്രദേശമാണിത്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപ് സ്വന്തമാക്കണമെന്ന ആവശ്യം ട്രംപ് പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ദേശീയ സുരക്ഷയ്ക്ക് ഉള്‍പ്പെടെ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും അനിവാര്യമാണെന്ന് പല തവണ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ട്രംപിൻ്റെ ആവശ്യത്തെ നാറ്റോയും യുറോപ്യൻ രാജ്യങ്ങളും പല തവണ എതിർത്തിരുന്നു.

Content Highlights:Trump slams NATO, threatens Greenland

To advertise here,contact us