പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യയിലെത്താം; വീസ നടപടികള്‍ ലഘൂകരിക്കുമെന്ന് സൂചന

പാകിസ്താനുമായി ഉഭയകക്ഷി കായിക മത്സരങ്ങള്‍ നടത്തില്ലെന്ന് കായിക മന്ത്രാലയം

പാകിസ്താന്‍ കായിക താരങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍ അനുമതി നല്‍കി കേന്ദ്രം. ബഹുരാഷ്ട്ര മത്സരങ്ങള്‍ക്കായി പാകിസ്താന്‍ കായിക താരങ്ങള്‍ക്ക് ഇന്ത്യയിലെത്താമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. രണ്ടിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങളിലോ, രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുക്കാനാണ് അനുമതി നല്‍കിയത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വലിയ കായിക മത്സരങ്ങളില്‍ ഇതോടെ പാകിസ്താനും പങ്കെടുക്കാം. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനും വിലക്കില്ല. പാകിസ്താനില്‍ നിന്നുള്ള കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും രാജ്യത്തെത്താനുള്ള വീസ നടപടികള്‍ ലഘൂകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതോടെ വിവിധ കായിക മത്സരങ്ങള്‍ക്കായി പാക് താരങ്ങള്‍ ഇന്ത്യയിലെത്തുമോ എന്നതാണ് ആകാംക്ഷ. എന്നാല്‍ പാകിസ്താനില്‍ നടക്കുന്ന രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കില്ല.

പാകിസ്താനില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ ഉള്‍പ്പടെ വലിയ ഭീഷണി ആകുന്നതിനാല്‍ പാകിസ്താനിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോള്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. അതേസമയം, പാകിസ്താനുമായി ഉഭയകക്ഷി കായിക മത്സരങ്ങള്‍ നടത്തില്ല എന്ന മുന്‍ നിലപാട് കായിക മന്ത്രാലയം ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ വേദി എവിടെയാണെന്ന് പരിഗണിക്കാതെ വിലക്ക് തുടരും. ഇന്ത്യ-പാക്ക് മത്സരങ്ങള്‍ മറ്റു രാജ്യത്തുവച്ച് നടത്താനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്രനയം തിരിച്ചടിയാകും.

2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായാണ് തീരുമാനം. ഒളിംപിക്‌സ് പോലുള്ള വലിയ കായിക മാമാങ്കങ്ങള്‍ക്കുവേണ്ടി രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവുമാണ്. ഈ അവസരത്തിലാണ് പാകിസ്താന്‍ താരങ്ങള്‍ക്ക് രാജ്യത്തെത്താന്‍ ഇന്ത്യ അനുമതി നല്‍കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായത്.

കായിക മേഖലയ്ക്കുള്‍പ്പടെ വലിയ തിരിച്ചടിയായി പഹല്‍ഗാം ഭീകരാക്രമണം. ഇന്ത്യ-പാകിസ്താന്‍ ബന്ധം ഏറെക്കാലമായി വഷളായ സാഹചര്യത്തിലാണ്. ഇതിനു പിന്നാലെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പരകളും ഒഴിവാക്കിയിരുന്നു.

content highlights: Pakistan players can travel to India; hints of simplified visa procedures

To advertise here,contact us