വാതുവെപ്പ് കേസിലും ജയില്‍വാസത്തിലും പശ്ചാത്താപമില്ല; തിഹാര്‍ ജയിലില്‍ ഒട്ടേറെ നിരപരാധികളുണ്ട് -എസ് ശ്രീശാന്ത്

എന്റെ ലൈഫ് സ്റ്റൈലാണ് പ്രശ്‌നം, എന്റെ വളര്‍ച്ചയെ പലര്‍ക്കും ഇഷ്ടമല്ല; അന്ന് ക്രീസിലുണ്ടായിരുന്നത് അറ്റാക്കിങ് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റും ഷോണ്‍ മാര്‍ഷും

2013-ലെ ഐപിഎല്‍ വാതുവെപ്പ് കേസിന് വഴിതെളിച്ചത് പഞ്ചാബ് കിങ്‌സിനെതിരായ വിവാദ ഓവറല്ല, മറിച്ച് തന്റെ ജീവിത ശൈലിയായിരുന്നുവെന്നും അന്നത്തെ കേസിലും ജയില്‍വാസത്തിലും തനിക്ക് യാതൊരു പശ്ചാത്താപമില്ലെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. ഐപിഎല്ലിലെ വാതുവെപ്പ് കേസിനെക്കുറിച്ചാണ് എസ് ശ്രീശാന്തിന്റെ പരാമര്‍ശം. ഒരിടവേളയ്ക്കുശേഷം ക്രിക്കറ്റ് ലോകത്ത് വാതുവെപ്പ് കേസും ചര്‍ച്ചയാവുകയാണ്.

ഐപിഎല്ലിലെ ഒരോവറില്‍ പതിനാലോ അതിലധികമോ റണ്‍സ് കൊടുക്കണം എന്നായിരുന്നു ആരോപണം. ആ ഓവറില്‍ പതിനാലിലധികം റണ്‍സ് പിറന്നിട്ടില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. 13 റണ്‍സാണ് വന്നത്. അപ്പോള്‍ തന്നെ ആ കേസ് തന്നെ ഇല്ല. ബെറ്റിങ്ങിനെ കുറിച്ചാണെങ്കില്‍ പതിനാലിലധികം റണ്‍സ് കൊടുത്തിട്ടില്ലെങ്കില്‍ പിന്നെ അത് ബെറ്റിങ്ങേ അല്ല. അതോടെ ക്യാന്‍സലായി. നാല് പന്തില്‍ വെറും അഞ്ച് റണ്‍സായിരുന്നു. ഒരു നോബോള്‍ പോലുമില്ല. ഉത്തരേന്ത്യയിലെ പല ചാനലുകളും അതിന് മുന്‍പുള്ള മത്സരത്തിലെ നോബോള്‍ കാണിച്ചു. ആ ഓവറില്‍ വൈഡും നോബോളുമില്ല. ദൈവാനുഗ്രഹം കൊണ്ട് സ്ലോ ബോളുമില്ലെന്നും ശ്രീശാന്ത് പറയുന്നു. 13 റണ്‍സ് കൊടുത്തിട്ട് എന്റേത് കേസ് ആയെന്നും ഇപ്പോള്‍ ഐപിഎല്ലില്‍ ഓരോവറില്‍ 25, 28, 32 റണ്‍സൊക്കെ വഴങ്ങുന്നുണ്ടെന്നും ശ്രീശാന്ത് പറയുന്നു. അന്ന് സ്ട്രൈക്കിലുണ്ടായിരുന്നത് ഓസ്‌ട്രേലിയന്‍ അറ്റാക്കിങ് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റും ഷോണ്‍ മാര്‍ഷുമാണ്.

ഞാന്‍ ഫുള്‍ ടോസ് എറിഞ്ഞുകൊടുക്കുന്നുണ്ടെങ്കില്‍ അത് ബാറ്ററും അറിയേണ്ടതല്ലേയെന്നും ഞാന്‍ വൈഡ് എറിഞ്ഞിട്ടാണ് റണ്‍സ് കൊടുക്കുന്നതെങ്കില്‍ സംശയമുണ്ടാകുമായിരുന്നുവെന്നും നോബോളെറിഞ്ഞ് ഫ്രീ ഹിറ്റ് കൊടുത്താലും സംശയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കില്‍ ഇപ്പോള്‍ ഐപിഎല്‍ കാണരുതല്ലോയെന്നും മുഴുവന്‍ സംശയമായിരിക്കുമെന്നും ശ്രീശാന്ത് ചോദിക്കുന്നു.

തന്റെ അന്നത്തെ ആ ഓവറല്ല പ്രശ്നം, ലൈഫ്സ്‌റ്റൈലാണ് പ്രശ്നമായതെന്നും ശ്രീശാന്ത് പറയുന്നു. ഇങ്ങനെയൊരു വ്യക്തി എങ്ങനെ കാറുകള്‍ വാങ്ങുന്നു, അപാര്‍ട്മെന്റുകള്‍ വാങ്ങുന്നു. അസൂയയും കുശുമ്പും എന്നൊന്നും പറയുന്നില്ല. നമ്മുടെ വളര്‍ച്ച കാണുമ്പോള്‍ പലര്‍ക്കും ഇഷ്ടമല്ല. അതാണ് വാസ്തവമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ക്കുന്നു. തനിക്ക് രണ്ട് ലോകകപ്പുകള്‍ നേടാനായി. എനിക്ക് യുവാക്കളോട് പറയാനുള്ളത്, പേടിക്കരുത്. ആരെയും സുഖിപ്പിച്ച് എവിടെയും എത്താന്‍ നോക്കരുതെന്നുമാണ്. കേസിലും ജയില്‍വാസത്തിലും തനിക്ക് പശ്ചാത്താപമില്ല. കരിയറിന്റെ പീക്കില്‍ തിഹാര്‍ ജയിലിലായിരുന്നുവെന്നും അവിടെ നിരപരാധികളായ ആയിരക്കണക്കിന് ആളുകളുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

ഭാര്യ ഭുവനേശ്വരി നല്‍കിയ പിന്തുണയെക്കുറിച്ചും ശ്രീശാന്ത് മനസ്സുതുറന്നു. 2013-ലായിരുന്നു കല്യാണം. പത്രത്തില്‍ വരെ തന്നെ ടെററിസ്റ്റ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ദാവൂദിന്റെ കൂട്ടുകാരന്‍, ദാവൂദിനെ അറിയുന്ന ആള്‍, തിഹാര്‍ ജയിലില്‍ കിടക്കുന്ന ആള്‍. ആ വ്യക്തിയെ കല്യാണം കഴിക്കണമെന്ന് സ്വന്തം പിതാവിനോട് ആരെങ്കിലും ധൈര്യത്തോടെ പറയുമോ? അതാണ് എന്റെ ഭാര്യയെന്നും ശ്രീശാന്ത് പറഞ്ഞു. ഞാന്‍ ജയിലിലായതുകൊണ്ട് ആ വ്യക്തി എസി ഒന്നും വേണ്ടെന്ന് പറഞ്ഞ് കിടന്നുറങ്ങിയത് അടുക്കളയിലാണ്. എന്തുവന്നാലും നിങ്ങളെ മാത്രമേ കല്യാണം കഴിക്കുകയുള്ളൂ എന്നും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പോയിന്റുകളും പറഞ്ഞുകൊടുത്തത് ഭുവനേശ്വരി ആണെന്നും ശ്രീശാന്ത് പറഞ്ഞു.

content highlights: I don't regret the betting case or my imprisonment. I've seen that many innocent people end up in Tihar

To advertise here,contact us