ഡൽഹിയെ എറിഞ്ഞിട്ട് ഇഷാൻ മലിംഗ; ഡൽഹിക്കെതിരെ ഹൈദരാബാദിന് വമ്പൻ ജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ വമ്പൻ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്

ഡൽഹി ക്യാപിറ്റൽസിനെതിരെ വമ്പൻ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 47 റൺസിന്റെ ജയമാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ നേടിയെടുത്തത്. ഹൈദരാബാദ് ഉയർത്തിയ 242 റൺസ് ടോട്ടൽ ലക്ഷ്യമിട്ട ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ നേടാനായുള്ളൂ.

നാല് വിക്കറ്റ് നേടിയ ഇഷാൻ മലിംഗയുടെ പ്രകടനമാണ് എസ് ആർ എച്ചിന്റെ വിജയത്തിൽ നിർണായകമായത്. മൂന്ന് വിക്കറ്റ് നേടി ഹർഷ് ദുബെയും തിളങ്ങി.

എട്ട് റൺസിന് പാതും നിസ്സംഗ മടങ്ങിയെങ്കിലും കെ എൽ രാഹുൽ- നിതീഷ് റാണ കൂട്ടുകെട്ട് ഡൽഹിക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്.

എന്നാൽ സ്കോർ ഒന്നിന് 107 ലിരിക്കെ ആദ്യം സാഖിബ് ഹുസ്സൈൻ കെ എൽ രാഹുലിനെയും പിന്നീട് ഇഷാൻ നിതീഷ് റാണ, അപകടകാരിയായ ഡേവിഡ് മില്ലർ എന്നിവരെയും അതെ 107 സ്‌കോറിൽ തന്നെ വീഴ്ത്തിയപ്പോൾ ഡൽഹി തോൽവി മണത്തു.

രാഹുൽ 37 റൺസും നിതീഷ് 57 റൺസുമാണ് നേടിയത്. ശേഷം 41 റൺസുമായി സമീർ റിസ്‌വിയും 27 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്‌സും പിടിച്ചുനിന്നെങ്കിലും വിജയം ദൂരെയായിരുന്നു.

നേരത്തെ അഭിഷേക് ശർമയുടെ അപരാജിത സെഞ്ച്വറിയും ഹെൻഡ്രിച്ച് ക്ലാസന്റെ കാമിയോയുമാണ് എസ് ആർ എച്ചിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.

13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

Content highlights:  srh beat delhi ipl 2026

To advertise here,contact us