ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസർ; താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

അപൂർവ രോഗത്തിന്റെ പിടിയിൽപ്പെട്ട് ദില്ലിയിലെ ആശുപത്രിയിൽ തന്റെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ

അപൂർവ രോഗത്തിന്റെ പിടിയിൽപ്പെട്ട് ദില്ലിയിലെ ആശുപത്രിയിൽ തന്റെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ. ഷാപൂർ സദ്രാന്റെ താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്'എന്ന വളരെ അപൂർവമായ രോഗം ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ ഒരു ആശുപത്രിയിലെ ഐസിയുവിൽ നിലവിൽ ചികിത്സയിലാണ് താരം. തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞാൽ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണിത്. എന്നാൽ ഷാപൂരിന്റെ രോഗം നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്.

കഴിഞ്ഞ ജനുവരി 18 മുതലാണ് ഷാപൂർ സദ്രാനെ ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ അസുഖം ഭേദമായി തുടങ്ങിയിരുന്നെങ്കിലും അണുബാധ രൂക്ഷമായതോടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. അണുബാധ തലച്ചോറിലേക്കും പടർന്നതോടെ ഷാപൂരിന്റെ നില അതീവ ഗുരുതരമായത്. കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂരിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായത്.

നേരത്തെ അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയില്ലാതിരുന്നതിനാൽ, മികച്ച ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടുകയായിരുന്നു. അഫ്ഗാൻ താരം റാഷിദ് ഖാനും ഈ ആവശ്യത്തിന് പിന്തുണയുമായെത്തി. തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും റാഷിദ് ഖാനും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് സഹായം അഭ്യർത്ഥിച്ചത് എത്തിയത്. റാഷിദ് ഖാൻ തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി വഴിയും സഹായം തേടിയിരുന്നു. ഇതോടെയാണ് ഷാപൂരിന് ഇന്ത്യയിൽ ചികിത്സയ്ക്കായി വിസയും മറ്റ് സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്ച്ചത്. നിലവിൽ സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഷാപൂരിന്റെ നില. താരം വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനയിലാണ് കുടുംബവും ക്രിക്കറ്റ് പ്രേമികളും.

Content highlight: Shapoor Zadran hospitalized in Delhi with critical illness

To advertise here,contact us