'ഇരയായ നടിക്കൊപ്പമാണ് ഞാന്‍'; അതിജീവിതയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച വി എസ്

'നീതി ലഭിക്കുംവരെ അവള്‍ക്കൊപ്പമാണ് ഞാന്‍...' വി എസ് ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിച്ചു

1 min read|07 Dec 2025, 12:17 pm

'സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരം'… അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വാക്കുകളാണിത്. നീതി ലഭിക്കുംവരെ അവള്‍ക്കൊപ്പമെന്ന് നിസ്സംശയം പ്രഖ്യാപിച്ചയാള്‍. സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരില്‍ പലരും പ്രതിക്കും ആരോപണവിധേയനുമൊപ്പം നിന്നപ്പോള്‍ അവസാനംവരെയും സ്ത്രീപക്ഷത്ത് നിന്ന, അതിജീവിതയ്‌ക്കൊപ്പം നിന്നയാളാണ് വി എസ്. 'ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമല്ല, ചില രാഷ്ട്രീയക്കാരും സിനിമാ പ്രവര്‍ത്തകരും വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊളളുന്നത്. പക്ഷെ ഞാന്‍ നിലകൊളളുന്നത് ഇരയ്‌ക്കൊപ്പം തന്നെയായിരിക്കും. നീതി ലഭിക്കുംവരെ അവള്‍ക്കൊപ്പമാണ് ഞാന്‍'… വി എസ് ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിച്ചു. നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി വരാനിരിക്കെ വിഷയത്തിൽ വി എസ് സ്വീകരിച്ച നിലപാടുകൾ വീണ്ടും ഓർമ്മിക്കപ്പെടുകയാണ്.

ആക്രമിക്കപ്പെട്ടതിന് പിന്നാലെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച അതിജീവിതയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചാണ് വി എസ് സംഭവത്തിലുള്ള തൻ്റെ ഐക്യദാർഢ്യം ആദ്യം പ്രഖ്യാപിച്ചത്. നിയമ നടപടികള്‍ സ്വീകരിക്കാനുളള തീരുമാനത്തെ അഭിനന്ദിച്ച വി എസ് അതിജീവിതയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

പിന്നാലെ അമ്മയിലെ ഇടതുപക്ഷ സഹയാത്രികരായ നടന്മാർ ഉൾപ്പെടെ സ്വീകരിച്ച സമീപനത്തിനെതിരെയും വി എസ് ആഞ്ഞടിച്ചു. കേസില്‍ ആലുവ പൊലീസ് ക്ലബില്‍വെച്ച് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പൊലീസ് ചോദ്യംചെയ്തതിന് പിന്നാലെയാണ് വി എസിൻ്റെ പ്രതികരണത്തിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടാകുന്നത്. 2017 ജൂണ്‍ 28-നായിരുന്നു ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനടുത്ത ദിവസം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ഈ യോ​ഗത്തിൽ ദിലീപിന് അനുകൂലമായ സമീപനം അഭിനേതാക്കളുടെ സംഘടന സ്വീകരിച്ചുവെന്ന് ആക്ഷേപം ഉയർ‌ന്നിരുന്നു. അതിനാൽ തന്നെ ജനറൽ ബോഡി യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കാനായി ചേ‍ർന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയര്‍ക്കുന്ന സമീപനമാണ് അന്ന് ഇടത് എംഎല്‍എ ആയിരുന്ന നടന്‍ മുകേഷും കെ ബി ഗണേഷ് കുമാറും സ്വീകരിച്ചത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കി.

തുടക്കം മുതല്‍ തന്നെ അതിജീവിതയായ നടിക്കൊപ്പം ശക്തമായി നിലകൊണ്ട നേതാവാണ് വി എസ് അച്യുതാനന്ദന്‍. അമ്മ സംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് അദ്ദേഹം യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു. 'അത് കൈകാര്യം ചെയ്തിരിക്കുന്ന ആളുകള്‍ വളരെ തെറ്റായ നിലയില്‍ കൈകാര്യം ചെയ്തിരിക്കുകയാണ്. സ്ത്രീകള്‍ക്കുനേരെ നടന്ന അതിക്രമത്തെ അതിശക്തമായ നിലയില്‍ എതിര്‍ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്' എന്ന് അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ അതീജിവിതയെ അപമാനിക്കുന്ന സമീപനവുമായി ദിലീപ് അനുകൂലികൾ കളം നിറയുന്ന സാഹചര്യം പിന്നീടുണ്ടായി. ഇതിനെതിരെയും ശക്തമായ പ്രതികരണമാണ് വി എസ് നടത്തിയത്. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മാനവീയം വീഥിയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ്, നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, സ്ത്രീ കൂട്ടായ്മ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച 'അവള്‍ക്കൊപ്പം' പരിപാടിയിലായിരുന്നു വി എസിൻ്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിക്ക് ഇനിയും നീതി കിട്ടിയില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വി എസ് പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലൂടെ അവളെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണെന്നും അവര്‍ നേരിട്ടത് രാക്ഷസീയമായ ആക്രമണമാണെന്നും വി എസ് പറഞ്ഞു. 'സ്ത്രീ അമ്മയാണ് പെങ്ങളാണ് എന്നൊക്കെ വെച്ച് കാച്ചുന്നവര്‍ അവസരം കിട്ടുമ്പോള്‍ അവളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. അത് കേരളീയ പൊതുസമൂഹത്തിന് ചേര്‍ന്ന പ്രവണതയല്ല. ഇരയായ നടിക്കൊപ്പമാണ് ഞാന്‍. സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരം' എന്നായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രഖ്യാപനം.

കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് 2018 ജൂണില്‍ നാല് നടിമാര്‍ അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആക്രമിക്കപ്പെട്ട നടി എന്നിവരാണ് രാജിവെച്ചത്. അമ്മയില്‍ നിന്ന് രാജിവെക്കാനുളള നടിമാരുടെ തീരുമാനത്തെ ധീരമായ നടപടിയെന്നാണ് വി എസ് വിശേഷിപ്പിച്ചത്. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വി എസ് അന്ന് വി എസ് പറഞ്ഞു.

നീതി തേടി തെരുവിലിറങ്ങുന്ന പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട ചരിത്രമാണ് വി എസിനുളളത്. അത് സൂര്യനെല്ലിയിലും ഐസ്‌ക്രീം പെണ്‍വാണിഭക്കേസിലും കവിയൂരും കിളിരൂരിലുമൊക്കെ കേരളീയ പൊതുസമൂഹം കണ്ടറിഞ്ഞതാണ്. സൂര്യനെല്ലിയിലെ ഇരയെ നേരില്‍കണ്ട് അവളുടെ പിതാവിന്റെ കയ്യില്‍ പണം കൊടുത്തുകൊണ്ട് ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ, എന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചതാണ്' എന്നാണ് വി എസ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇരയായ നടിക്കൊപ്പമാണ് ഞാന്‍ എന്ന് പരസ്യമായി സധൈര്യം പ്രഖ്യാപിച വി എസിനെ ഈ ഘട്ടത്തിൽ ഓർമ്മിക്കാതെ പോകാൻ മലയാളികൾക്ക് കഴിയില്ല.

Content Highlights: 'I am with the Survivor'; VS Achuthanandan who declared unconditional support for actress

To advertise here,contact us