'അന്നു വരെ വലിച്ചിട്ടില്ല, ആ സിനിമ കണ്ട് നേരെ പോയൊരു സിഗരറ്റ് വലിച്ചു', സിനിമകൾ സ്വാധീനിക്കുമെന്ന് ജീത്തു

'ആ സിനിമ കണ്ട് നേരെ പോയൊരു സിഗരറ്റ് വലിച്ചു', സിനിമകൾ സ്വാധീനിക്കുമെന്ന് ജീത്തു ജോസഫ്

സിനിമകൾ ആളുകളെ സ്വാധീനിക്കുമെന്ന് ജീത്തു ജോസഫ്. തനിക്കും ഇത്തരത്തിൽ അനുഭവം ഉണ്ടായിരുന്നതെയും ജീത്തു പറഞ്ഞു. ആദ്യമായി സിഗരറ്റ് വലിച്ച അനുഭവം പങ്കിട്ടുകൊണ്ടാണ് ജീത്തു അതേക്കുറിച്ച് സംസാരിക്കുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്റെ പ്രതികരണം. തന്റെ സിനിമകളില്‍ വയലന്‍സ് ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

'അതെ, സിനിമകള്‍ പ്രേക്ഷകരെ വലിയ തരത്തില്‍ സ്വാധീനിക്കും. കൊളേജ് കാലത്ത് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ചിലതൊക്കെ ചെയ്തിട്ടുണ്ട്. ഷേണായീസ് തിയേറ്ററില്‍ ബ്രൂസ് വില്ലിസിന്റെ ഡൈ ഹാര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തില്‍ വില്ലിസ് സിഗരറ്റ് വലിക്കുന്നൊരു രംഗമുണ്ട്. ആ രംഗം കണ്ട് പ്രചോദനം തോന്നിയ ഞാന്‍ സിനിമ കഴിഞ്ഞതും നേരെ പോയൊരു സിഗരറ്റ് വാങ്ങി. ഒരു ഹോളിവുഡ് താരത്തെപ്പോലെ വലിക്കാന്‍ ശ്രമിച്ചു. ഞാന്‍ അതുവരെ സിഗരറ്റ് വലിച്ചിരുന്നതേയില്ല. അന്നത് ചെയ്തു. സിനിമ ജനങ്ങളെ സ്വാധീനിക്കും.

എന്റെ സിനിമകളില്‍ വയലന്‍സ് ഒഴിവാക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ട്. എന്നാല്‍ കഥ ആവശ്യപ്പെടുമ്പോള്‍ ചെയ്യാറുണ്ട്. ജീവിതത്തില്‍ ആദ്യമായി റേപ്പ് സീന്‍ ചിത്രീകരിക്കുന്നത് നേര് സിനിമയിലാണ്. അപ്പോള്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷനും സ്‌ട്രെസും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഒരുപാട് സമയമെടുത്തു ഷൂട്ട് ചെയ്യാന്‍. കുടുംബ പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്നതാകണമായിരുന്നു ആ രംഗം. ക്രൂരത കാണിക്കേണ്ടത് കഥയുടെ ഭാഗമാകുന്ന അവസരങ്ങളുണ്ട്', ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം, ദൃശ്യം 3 മെയ് 21 ന് റിലീസിന് ഒരുങ്ങുകയാണ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Renowned Malayalam filmmaker Jeethu Joseph opened up about how strongly films can influence him as a viewer. In a candid conversation, he revealed that after watching a particular movie, he was so emotionally affected that he immediately smoked a cigarette.

To advertise here,contact us