ഷാജഹാൻ, സ്നേഹിതൻ, തില്ലാന തില്ലാന തുടങ്ങി നിരവധി തമിഴ്, മലയാളം സിനിമകളിലൂടെ പ്രേക്ഷകമനം കവർന്ന നായകനാണ് കൃഷ്ണ. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ. ഒരു സമയത്ത് തനിക്ക് വന്ന അവസരങ്ങൾ എല്ലാം തള്ളിക്കളഞ്ഞു എന്നും അതിന്റെ ഫലം താനിപ്പോൾ അനുഭവിക്കുകയാണ് എന്നും കൃഷ്ണ പറഞ്ഞു. എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ ഇക്കാര്യം തുറന്നുപറഞ്ഞത്.
'അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്നാൽ ഞാനും ചാക്കോച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാക്കോച്ചന് എന്തെങ്കിലും ഡേറ്റ് ഇഷ്യൂ വന്നാൽ ആ സ്ക്രിപ്റ്റ് നേരെ എന്റെ പക്കൽ എത്തും. ആൾക്കാർക്ക് ഒരു പുതുമ ഇഷ്ടമല്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. എനിക്ക് വന്നതൊക്കെ മോശം സ്ക്രിപ്റ്റുകളായിരുന്നു. അവസരങ്ങൾ വന്നതൊക്കെ ഞാൻ തള്ളിക്കളഞ്ഞു. അത് എന്റെ തെറ്റ് കൂടിയാണ്. കാരണം ഒരിക്കലൂം അവസരങ്ങൾ തള്ളിക്കളയാൻ പാടില്ലായിരുന്നു. അതിന്റെ ഫലം ഞാനിപ്പോൾ അനുഭവിക്കുകയാണ്. ഇപ്പോൾ കുഴപ്പമില്ല എനിക്ക് എന്ത് ഉണ്ടോ അതിൽ ഞാൻ ഹാപ്പിയാണ്', കൃഷ്ണയുടെ വാക്കുകൾ.
ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ആണ് അവസാനം തിയേറ്ററിലെത്തിയ കൃഷ്ണയുടെ സിനിമ. റംസാന്, അജു വര്ഗീസ്, സജിന് ചെറുക്കയില്, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്ഷ രമേശ്, വിനീത് തട്ടില്, മേജര് രവി, ഭഗത് മാനുവല്, കാര്ത്തിക്ക്, ജയശ്രീ, ആന് സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ 'ഓണം മൂഡ്' എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യല് മീഡിയകളില് വന് ഹിറ്റായിരുന്നു.
Content Highlights: Krishna actor talks about his film career