കുഴഞ്ഞുവീണ KSEB താത്ക്കാലിക ജീവനക്കാരന് ചികിത്സ കിട്ടാതെ മരിച്ച സംഭവം; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ പരാതി

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സന്തോഷിന് ഓക്‌സിജന്‍ നല്‍കാന്‍ പോലും ആശുപത്രിയില്‍ ജീവനക്കാര്‍ ഉണ്ടായില്ലെന്ന് കൂടെ ഉണ്ടായിരുന്നവർ ആരോപിക്കുന്നു

പാറശാല: കുഴഞ്ഞുവീണ കെഎസ്ഇബി താത്ക്കാലിക ജീവനക്കാരൻ മരിച്ച സംഭവത്തിൽ പാറശാല താലൂക്ക് ആശുപത്രിക്കെതിരെ പരാതി. അമ്പൂരി സ്വദേശിയായ സന്തോഷാണ് മരിച്ചത്. മതിയായ ജീവനക്കാരോ ഡ്യൂട്ടി ഡോക്ടറോ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ചികിത്സ കിട്ടാതെയാണ് സന്തോഷ് മരിച്ചതെന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ആശുപത്രിയിൽ നിന്നും നൂറു മീറ്റർ അകലെ ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞ് വീണത്. ഉടൻ തന്ന സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.

എന്നാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സന്തോഷിന് ഓക്‌സിജന്‍ നല്‍കാന്‍ പോലും ആശുപത്രിയില്‍ ജീവനക്കാര്‍ ഉണ്ടായില്ലെന്ന് കൂടെ ഉണ്ടായിരുന്നവർ ആരോപിക്കുന്നു. ഡ്യൂട്ടി ഡോക്ടര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈയടുത്ത നവീകരിച്ച ആശുപത്രിയിലാണ് അനാസ്ഥ. സംഭവത്തില്‍ സന്തോഷിന്റെ സഹപ്രവര്‍ത്തര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

46.86കോടി രൂപ ചെലവഴിച്ചാണ് പാറശാല താലൂക്ക് ആശുപത്രി മോടിപിടിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 29നാണ് മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ആശുപത്രിയുടെ പേര് മള്‍ട്ടിസ്‌പെഷ്യാലിറ്റി മന്ദിരമെന്ന് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ ഡോക്ടര്‍മാരില്ലെന്നും മതിയായ ചികിത്സാസൗകര്യമില്ലെന്നും പല തവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സന്തോഷിനെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കാന്‍ പോലും മതിയായ ജീവനക്കാരോ ഡോക്ടറോ ഇല്ലെന്ന് മനസിലായത്. നിമിഷങ്ങള്‍ക്കുള്ളില്‍ സന്തോഷിന്റെ മരണം സംഭവിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ പാറശാല സിഐ ആശുപത്രിയിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഒടുവിൽ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ധാരണയായി.

കോടികൾ ചെലവഴിച്ച് നവീകരണം നടത്തിയതോടെ ആശുപത്രിയില്‍ ട്രോമ കെയര്‍, മൂന്ന് ഓപ്പറേഷന്‍ തിയേറ്റര്‍, നാല്‍പത് പേര്‍ക്ക് പ്രയോജനപ്പെടുന്ന ഡയാലിസിസ് യൂണിറ്റ്, അത്യാഹിത വിഭാഗം എന്നിവ ഉണ്ടാകുമെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ സൗകര്യങ്ങളുടെ അഭാവത്തിനൊപ്പം നഴ്‌സുമാരോ നഴ്‌സിംഗ് അസിസ്റ്റന്റുമാരോ ആശുപത്രിയില്‍ ഇല്ലെന്നും ആരോപണം ഉണ്ട്. മലയാളികളും തമിഴ്‌നാട്ടുകാരും ഒരുപോലെ ആശ്രയിക്കുന്ന ആശുപത്രിയാണിത്.

Content Highlights: A temporary worker of Kerala State Electricity Board died allegedly due to lack of timely medical treatment

To advertise here,contact us