ഉപ്പുതറ: നാട്ടുകാരുടെ കുടിവെള്ളം മുട്ടാതിരിക്കാൻ ജീവൻ പണയംവച്ച് കിണറ്റിലിറങ്ങി ഇടുക്കി ഉപ്പുതറ പഞ്ചായത്തംഗം മെറീന സനീഷ്. അപകടാവസ്ഥയിലുള്ള കിണറിൽ ഇറങ്ങാൻ ആരും തയ്യാറാവാഞ്ഞതോടെയാണ് കിണർ വൃത്തിയാക്കാനുള്ള ദൗത്യം മെറീന ഏറ്റെടുത്തത്.
കടുത്ത വേനലിലും ചീന്തലാർ മൂന്നാം ഡിവിഷനിലെ പൊതുകിണറിൽ വറ്റാത്ത വെള്ളമുണ്ട്. പക്ഷേ കിണറ്റിലേത് മലിനജലമായിരുന്നു. മഴക്കാലത്ത് മലിനജലം ഒലിച്ചറങ്ങിയാണ് കിണറിൽ ചെളിയടിഞ്ഞത്.
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് കമ്പനി നിർമിച്ച കിണർ വൃത്തിയാക്കാൻ ഹരിത കർമസേന ആലോചിച്ചു. ആര് കിണറിലിറങ്ങും എന്ന ചോദ്യവന്നപ്പോൾ മെറീന തന്നെ ഇറങ്ങാൻ തീരുമാനിച്ചു. കാലപ്പഴക്കം ചെന്ന കിണറിൽ ആൾമറയും ഉള്ളിലെ കൽക്കെട്ടും അപകടാവസ്ഥയിലാണ്. ഇതോടെയാണ് ആരും ഇറങ്ങാൻ തയ്യാറാവാതെ ഇരുന്നത്.
കിണറിൽ ഇറങ്ങിയ മെറീന, കല്ലും മണ്ണും ചെളിയും ബക്കറ്റിലും കുട്ടയിലും കോരി നിറച്ചു. ഹരിത കർമസേനാംഗങ്ങളും ആശാ പ്രവർത്തകരും ചേർന്ന് ഇത് പുറത്തെത്തിച്ചു. ജീവൻ പണയം വച്ച് നാലു മണിക്കൂർ കൊണ്ടാണ് മെറീന കിണർ വൃത്തിയാക്കിയത്. നിലവിൽ പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ഉടമസ്ഥയിലുള്ള ഈ കിണറ്റിൽ നിന്നാണ് തൊഴിലാളി ലയങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നത്.
മൂന്നാം ഡിവിഷനിൽ മാത്രം ഇരുന്നൂറോളം തൊഴിലാളി കുടുംബങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്.
Content Highlights: A woman panchayat member spent four hours inside a well to address a drinking water shortage in her area