ഏതാനും വർഷങ്ങളായി കാനഡയിലേക്കും യുകെയിലേക്കുമൊക്കെ പഠിക്കാൻ പോകുന്നവരുടെ കുത്തൊഴുക്കായിരുന്നു എങ്കിൽ ഇപ്പോഴത് മങ്ങുന്നു. 2026-ൽ വിദേശത്ത് ഉന്നത പഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനൊപ്പം വിദേശവിദ്യാഭ്യാസ വായ്പകളെ ചുറ്റിപ്പറ്റിയ ആശങ്കകളും ശക്തമാകുന്നു. വിദേശ പഠനത്തിനുള്ള വായ്പ അപേക്ഷകളിൽ ഇടിവ് രേഖപ്പെടുത്തുന്നതിനൊപ്പം നിലവിലുള്ള വായ്പകളിലെ തിരിച്ചടവ് മുടക്കവും (ഡീഫോൾട്ട്) വർധിക്കുന്നത് ബാങ്കുകളെയും കുടുംബങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
അപേക്ഷകളിൽ ഇടിവ് , അനിശ്ചിതത്വം
കണക്കുകളനുസരിച്ച് വിദ്യാഭ്യാസ വായ്പാ വളർച്ച 2024-ലെ 23 ശതമാനത്തിൽ നിന്ന് 2025-ൽ 15 ശതമാനത്തിനടുത്തായി കുറഞ്ഞിരുന്നു. നടപ്പ് വർഷവും ഈ പ്രവണതയിൽ മാറ്റം വന്നിട്ടില്ല. വിദേശ പഠനത്തിനുള്ള താൽപ്പര്യം കുറഞ്ഞതിന്റെ വ്യക്തമായ സൂചനയാണിത്. യുദ്ധസാഹചര്യങ്ങൾ, സാമ്പത്തിക മാന്ദ്യം, കർശനമായ വിസ നയങ്ങൾ എന്നിവയാണ് കാരണങ്ങൾ.
പ്രത്യേകിച്ച് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ സാധ്യതകൾ കുറയുന്നതും വിദ്യാർത്ഥികളെ പിന്നോട്ടടിക്കുകയാണ്. പഠനം കഴിഞ്ഞാലും ജോലി ഉറപ്പില്ലെന്ന ആശങ്ക ഉയരുന്നു.
ഉയർന്ന ചെലവും കറൻസി വെല്ലുവിളികളും
വിദേശ പഠന ചെലവുകൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഓരോ സെമസ്റ്ററിലും രൂപയുടെ വിലയിടവ് മൂലം നൽകേണ്ട ഫീസിൽ 1-2 ലക്ഷം രൂപയെങ്കിലും വർധിക്കുന്നു. ട്യൂഷൻ ഫീസ് മാത്രമല്ല, താമസം, ഭക്ഷണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങി എല്ലാ ചെലവുകളും വിദേശ കറൻസിയിലാണ്. നാട്ടിലേയ്ക്കുള്ള യാത്രാചെലവും കുത്തനെ ഉയരുന്നു. ഇതെല്ലാം പലർക്കും അധിക വായ്പ എടുക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു.
തിരിച്ചടവ് മുടക്കം ബാങ്കുകൾക്കും ആശങ്ക
വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയിട്ടും പ്രതീക്ഷിച്ച ശമ്പളമുള്ള ജോലി ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടവ് മുടങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നു. ഇതോടെ ബാങ്കുകളുടെ കിട്ടാക്കടം ഉയരുന്നു. പല വായ്പകൾക്കും ഈടുള്ളതിനാൽ നാട്ടിലെ സ്വത്തുക്കൾ ജപ്തിയിലാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഇടനിലക്കാരുടെ തട്ടിപ്പുകൾ
വിദേശ പഠനം ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി പ്രവർത്തിക്കുന്ന ചില ഏജൻസികൾ വിദ്യാർത്ഥികളെ കുറഞ്ഞ നിലവാരമുള്ള കോളേജുകളിലേക്കും ജോലി സാധ്യത കുറഞ്ഞ കോഴ്സുകളിലേക്കും നയിക്കുന്നതായും പരാതികൾ ഉയരുന്നു. വലിയ വായ്പയെടുത്ത ശേഷമാണ് പലരും വഞ്ചിതരായെന്ന് തിരിച്ചറിയുന്നത്.
യുദ്ധവും ആഗോള പ്രതിസന്ധികളും
യുക്രൈൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ യുദ്ധം പല രാജ്യങ്ങളിലും അശാന്തി പരത്തുന്നുമുണ്ട്. മറ്റ് രാഷ്ട്രീയ സംഘർഷങ്ങളും വിദേശ പഠനത്തെ കൂടുതൽ അനിശ്ചിതമാക്കുന്നു. യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് പഠനം മുടക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ അനുഭവം മുന്നറിയിപ്പാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ വായ്പ എടുത്ത വിദ്യാർത്ഥികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളുന്നത്.
വൈദഗ്ധ്യത്തിന്റെ കാലം
ഇന്നത്തെ തൊഴിൽ വിപണിയിൽ ഡിഗ്രിയേക്കാൾ പ്രായോഗിക കഴിവുകൾക്ക് പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ സാധാരണ ജോലികളെ മാറ്റിസ്ഥാപിക്കുന്ന സാഹചര്യത്തിൽ പുതിയ സ്കിൽ പഠിക്കാൻ തയ്യാറാകുന്നവർക്കാണ് കൂടുതൽ അവസരങ്ങൾ. എക്സപീരിയൻസ് ഇല്ലാത്ത കുട്ടികൾക്ക് ഇന്ത്യയിലും തൊഴിൽ കിട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന യാഥാർഥ്യവുമുണ്ട്.
ഒരു ഗ്രാഫിക് ഡിസൈൻ ബിരുദധാരിയായ രാഹുൽ പഴയ സോഫ്റ്റ്വെയറുകളിൽ മാത്രം ആശ്രയിക്കുമ്പോൾ, സ്വയം എഐ ടൂളുകൾ പഠിച്ച അമൽ കുറഞ്ഞ സമയത്തിൽ മികച്ച ഔട്ട്പുട്ട് നൽകാൻ കഴിവുള്ളവനായി മാറുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ സംവിധാനത്തെയും തൊഴിൽ വിപണിയെയും പുനർനിർവചിക്കുകയാണ്.
മുന്നോട്ടുള്ള വഴി
വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളും രക്ഷിതാക്കളും തിരിച്ചടവ് ശേഷി, തൊഴിൽ സാധ്യത, കോഴ്സിന്റെ പ്രസക്തി, സ്ഥാപനത്തിന്റെ നിലവാരം എന്നിവ സൂക്ഷ്മമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസ സാധ്യതകളും പരിഗണിക്കണം.
Content Highlights : Study abroad dreams in countries like Canada and the UK are fading for many Indian students as rising costs, visa restrictions, and uncertain job prospects create serious financial risks.