എണ്ണ കൈമാറ്റം കടലില്‍ വെച്ച്: വിതരണം തുടരാന്‍ യുഎഇയുടെ തന്ത്രം പകർത്താന്‍ സൗദി അരാംകോയും

പേർഷ്യൻ ഉൾക്കടലിന് പുറത്ത് സൗദി ഇതിനകം തന്നെ സൂപ്പർ ടാങ്കറുകൾ സജ്ജമാക്കിയിട്ടുണ്ട്

2 min read|19 Aug 2026, 06:13 pm

പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ പുതിയ തന്ത്രങ്ങളുമായി സൗദി അറേബ്യ. യുഎഇ നേരത്തെ നടപ്പാക്കിയ രീതി പിന്തുടർന്ന്, പേർഷ്യൻ ഉൾക്കടലിന് പുറത്ത് ഒമാൻ തീരത്തുള്ള സൊഹാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഷിപ്പ്-ടു-ഷിപ്പ് ക്രൂഡ് ഓയിൽ കൈമാറ്റം ചെയ്ത് വിൽപ്പന നടത്താനാണ് സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരംകോ ഒരുങ്ങുന്നത്.

അപകടസാധ്യതയേറിയ ഹോർമുസ് കടലിടുക്ക് വഴി വലിയ ചരക്കുകപ്പലുകൾ കടന്നുപോകുന്നത് ഒഴിവാക്കാനും, ചരക്കുകൂലിയും ഉയർന്ന ഇൻഷുറൻസ് ചെലവുകളും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി പേർഷ്യൻ ഉൾക്കടലിന് പുറത്ത് സൗദി ഇതിനകം തന്നെ സൂപ്പർ ടാങ്കറുകൾ സജ്ജമാക്കിയിട്ടുണ്ട്.

നിലവിൽ ചൈനീസ് എണ്ണശുദ്ധീകരണ ശാലകൾക്കാണ് സൗദി അരംകോ ഈ ഓഫർ നൽകിയിട്ടുള്ളത്. സൾഫറിന്റെ അളവ് താരതമ്യേന കൂടുതലുള്ള 'അറബ് മീഡിയം', 'അറബ് ഹെവി' എന്നീ ഗ്രേഡുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുകു. ഇവ സംസ്കരിക്കാൻ ചൈനയിലെ അത്യാധുനിക റിഫൈനറികൾക്ക് പ്രത്യേക ശേഷിയുണ്ട്.

ചെങ്കടൽ തീരത്തെ യാൻബു തുറമുഖം വഴിയുള്ള കയറ്റുമതിക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്ന് സമുദ്ര ഉപരോധ ഭീഷണി ഉയർന്നതാണ് പുതിയ ബദൽ പാത വേഗത്തിലാക്കാൻ സൗദിയെ പ്രേരിപ്പിച്ചത്. സൗദിയുടെ ഈ സജീവ ഇടപെടൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനും ഊർജ പ്രതിസന്ധി മൂലമുള്ള പണപ്പെരുപ്പ ആശങ്കകൾക്ക് ആശ്വാസം പകരാനും സഹായിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Saudi Aramco is considering ship-to-ship transfers of Arab Medium and Arab Heavy crude off Fujairah, mirroring a strategy already used by the UAE's ADNOC. The arrangement would allow crude to reach Asian refiners while avoiding the Strait of Hormuz amid ongoing shipping disruptions.

To advertise here,contact us