ഇറാൻ - ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നത് ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് പുതിയ വഴിത്തിരിവാകുന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയതോടെ അസംസ്കൃത എണ്ണ ബാരലിന് 119 ഡോളർ വരെയായി വർധിച്ചിരുന്നു. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളപ്പെടുമെന്ന ഭീതി പരത്തുമ്പോഴും, ഇന്ധനക്ഷമതയുള്ള വാഹനങ്ങളിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് ചൈനീസ് കമ്പനികൾക്ക് നേട്ടമാകുകയാണ്.
ചൈനീസ് ഇ വി പറക്കും
ആഭ്യന്തര വിപണിയിൽ കടുത്ത മത്സരവും വിൽപനയിൽ മന്ദഗതിയിലായിരുന്ന ബി.വൈ.ഡി ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികൾക്ക് ആഗോളതലത്തിൽ ചുവടുറപ്പിക്കാൻ ഈ സാഹചര്യം തുണയാകും. എണ്ണവില വർധനവ് ഏറ്റവും കൂടുതൽ ബാധിച്ച ഏഷ്യൻ രാജ്യങ്ങളിൽ വില കുറഞ്ഞ ചൈനീസ് ഇ.വികൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് മാത്രമല്ല, രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന പാഠം ഈ പ്രതിസന്ധി വീണ്ടും ഓർമ്മിപ്പിക്കുന്നു.
വെല്ലുവിളികൾ
എണ്ണവില കൂടുന്നത് ഇ.വി വിപണിക്ക് ഉണർവേകുമെങ്കിലും, ചൈനീസ് കമ്പനികൾ നേരിടുന്ന അമിത ഉൽപ്പാദന പ്രശ്നത്തിന് ഇത് പെട്ടെന്ന് പരിഹാരമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ചൈനയിലെ ഇ.വി കമ്പനികൾ നിലവിൽ വിപണിയിൽ ആവശ്യമായതിനേക്കാൾ വളരെ കൂടുതൽ വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ വിൽപനയിൽ മന്ദഗതിയുണ്ട്. എണ്ണവില കൂടിയത് കൊണ്ട് കുറച്ച് ആളുകൾ കൂടി ഇ.വി വാങ്ങിയാലും, കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കാറുകൾ വിറ്റുതീർക്കാൻ അത് മാത്രം മതിയാകില്ല.
ചൈനീസ് കമ്പനികൾ തങ്ങളുടെ അധികമുള്ള സ്റ്റോക്ക് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റി അയക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രാദേശിക കമ്പനികളെ സംരക്ഷിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ചൈനീസ് ഇ.വികൾക്ക് മേൽ ഉയർന്ന ഇറക്കുമതി നികുതി ചുമത്തുന്നുണ്ട്. ഇത് കയറ്റുമതിയെ ബാധിക്കുന്നു.
അമിത ഉൽപ്പാദനം കാരണം വാഹനങ്ങൾ വിറ്റുതീർക്കാൻ കമ്പനികൾ തമ്മിൽ ചൈനയിൽ കടുത്ത വിലയുദ്ധം നടക്കുകയാണ്. ലാഭം വളരെ കുറച്ചാണ് ഓരോ വണ്ടിയും വിൽക്കുന്നത്. എണ്ണവില കൂടിയത് വിപണിക്ക് ഗുണകരമാണെങ്കിലും, ഈ ലാഭമില്ലാത്ത മത്സരം തുടരുന്നത് കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നു.
എണ്ണവില കൂടുമ്പോൾ ഇ.വി വാങ്ങാൻ താല്പര്യമുണ്ടെങ്കിലും, പല രാജ്യങ്ങളിലും ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് ഒരു വലിയ പ്രശ്നമാണ്. പെട്രോൾ വില കൂടിയത് കൊണ്ട് മാത്രം ഒരാൾ പെട്ടെന്ന് ഇ.വിയിലേക്ക് മാറില്ല; മറിച്ച് ചാർജിംഗ് സൗകര്യം കൂടി ഉറപ്പായാലേ വലിയ മാറ്റം ഉണ്ടാവുകയുള്ളൂ.
എണ്ണവില വർധനവ് ഇ.വി വിപണിക്ക് ഒരു 'പുഷ്' നൽകുന്നുണ്ടെങ്കിലും, ചൈനീസ് കമ്പനികളുടെ പക്കലുള്ള വമ്പിച്ച സ്റ്റോക്കും ആഗോളതലത്തിലെ വ്യാപാര തടസ്സങ്ങളും കാരണം ഈ പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
എന്നാൽ ലോകം ഇന്ധന പ്രതിസന്ധിയിൽ ഉഴലുമ്പോൾ കുറഞ്ഞ ചിലവിൽ മികച്ച സാങ്കേതികവിദ്യയുമായി ലോകവിപണി കീഴടക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് വാഹന ഭീമന്മാർ എന്നും പറയേണ്ടി വരും.
Contnet Highlights :Oil crisis from US-Iran war could boost China’s EV makers as fuel prices surge, says report