രാജ്യത്തെ രാഷ്ട്രീയം അഴിമതിയുടെ അഴുക്കിലാണ്, അത് വൃത്തിയാക്കാൻ ഇറങ്ങുന്നു എന്നു പറഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തിലേയ്ക്ക് ചൂലുമായി ഇറങ്ങിയ അരവിന്ദ് കെജ്രിവാളിന് എന്താണ് സംഭവിച്ചത്? രാഷ്ട്രീയത്തിലെ അഴിമതി അവസാനിപ്പാക്കാൻ ജനലോക്പാൽ ബിൽ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത അരവിന്ദ് കെജ്രിവാൾ അഴിമതിക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ ഒരു പാർട്ടിക്കു തന്നെ രൂപം നൽകുന്നു, ആം ആദ്മി പാർട്ടി. പറയത്തക്ക രാഷ്ട്രീയപാരമ്പര്യങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ഡൽഹിയിലെ ജനങ്ങൾ ആ പാർട്ടിയെ സ്വീകരിച്ചു. ഈ ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെയാണ് അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനും എന്താണ് സംഭവിച്ചത്? എന്താണ് ഡൽഹി മദ്യനയ അഴിമതി കേസ്? എന്തുകൊണ്ടാവും ഇപ്പോൾ ഇങ്ങനെയൊരു അറസ്റ്റ്?
ഡൽഹി മദ്യനയ അഴിമതി കേസ്
ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് മദ്യ വിൽപ്പന. എന്നാൽ ഡൽഹിയുടെ അവസ്ഥ അല്പം വ്യത്യസ്തമാണ്. മുഖ്യമന്ത്രിയും സർക്കാരുമൊക്കെയുണ്ടെങ്കിലും ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള പൂർണ്ണ അധികാരങ്ങളോ സ്വതന്ത്ര നിലനിൽപ്പോ ഡൽഹിക്കില്ല എന്നതാണ് സത്യം. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡൽഹിക്കുള്ളത്. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്. അധികം വ്യവസായങ്ങളോ കൃഷിയിടങ്ങളോ ഒന്നുമില്ലാതെ ജനങ്ങൾ തിങ്ങിപാർക്കുന്ന ഇടം. ഇവിടെ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രത്യേക വരുമാന മാർഗങ്ങളൊന്നുമില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലെ മദ്യ നയത്തിന് സമാനമായ മദ്യ നയമായിരുന്നു ഡൽഹിയിലുണ്ടായിരുന്നത്. മദ്യ നികുതിയിലൂടെ ഒരുപരിധിയിലധികം തുകയൊന്നും ഖജനാവിൽ എത്തില്ലെന്ന് സാരം.
ഇതേ തുടർന്നാണ് ഒരു വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം ഡൽഹി സർക്കാർ മദ്യ നയം രൂപീകരിക്കുന്നത്. 9,500 കോടി രൂപയുടെ വരുമാന വർധനയായിരുന്നു ലക്ഷ്യം. 2021 നവംബർ 17 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. മദ്യനയത്തിന്റെ ഭാഗമായി ഡൽഹി നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 മദ്യവിൽപ്പന ശാലകളും അനുവദിച്ചു. പുതിയ നിയമമനുസരിച്ച്, സ്വകാര്യ കമ്പനികൾക്കായി നൽകിയ 849 മദ്യവിൽപ്പനശാലകൾക്കു വേണ്ടി പരസ്യലേലം നടത്താനായിരുന്നു തീരുമാനം. ചില്ലറ മദ്യവിൽപ്പന മേഖലയിൽ നിന്ന് ഡൽഹി സർക്കാർ പിൻമാറുകയും ഇത് സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ മദ്യശാലകളും പൂട്ടി പൂർണ്ണമായും സ്വകാര്യ കമ്പനികൾക്ക് കൈമാറുക എന്നതായിരുന്നു നയം.
ബിജെപിയും കോൺഗ്രസും പക്ഷേ ഈ നയത്തെ എതിർത്തു. പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുതിയ മദ്യനയം ലൈസൻസികൾക്കു വൻ ലാഭവും ഖജനാവിന് നഷ്ടവുമാണെന്ന് ആരോപണങ്ങൾ ഉയർന്നു. പിന്നാലെ ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ ഉത്തരവിനെ തുടർന്ന് സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരൻ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്ന് സിബിഐ എഫ്ഐആറിൽ പറയുന്നുണ്ട്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളിൽ പരിശോധന നടത്തി സിബിഐ. ഡൽഹിക്ക് പുറമെ ഗുരുഗ്രാം, ചണ്ഡീഗഡ്, മുംബൈ, ഹൈദരാബാദ്, ലഖ്നൗ, ബംഗളൂരു എന്നിവിടങ്ങളിലും അന്വേഷണം നടന്നു. ജൂലൈ 30ന് പുതിയ മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാൻ തീരുമാനിച്ചു.
മദ്യ നയത്തിന്റെ പേരിൽ ആം ആദ്മി പാർട്ടി കോടികൾ കോഴ വാങ്ങിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലിയായി സമാഹരിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കൾക്ക് നൽകിയെന്നാണ് ഇ ഡി പറയുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.
അഴിമതി നടന്നിട്ടുണ്ടോ? എന്തുകൊണ്ടാകും ഇപ്പോൾ ഇങ്ങനെയൊരു അറസ്റ്റ്?
അഴിമതി നടന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ.... ആം ആദ്മി എന്ന, ശൈശവം പിന്നിട്ടിട്ടില്ലാത്ത പാർട്ടിക്ക് ചുവടുവെച്ചു തുടങ്ങാൻ തീർച്ചയായും പണത്തിൻറെ ആവശ്യം ഉണ്ടായിരുന്നു. ആം ആദ്മി എന്ന ഡൽഹിയുടെ കുഞ്ഞിന് ഇന്ത്യയുടെ കുഞ്ഞായി വളരേണ്ടതുണ്ടായിരുന്നു. 2022 ലെ ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകളിൽ ചുവടുറപ്പിക്കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആം ആദ്മി പാർട്ടി ദേശീയ പദവി സ്വന്തമാക്കി. ഏതാനും ആഴ്ചകൾക്കുള്ളിൽ മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിന്റെ വീട്ടിൽ സിബിഐയുടെ നോട്ടീസ് എത്തി. പിന്നെ ഇന്നോളം സിബിഐയും ഇഡിയും കെജ്രിവാളിന്റെ പിന്നാലെ ഉണ്ടായിരുന്നു.
അഴിമതിക്കത്ര പഞ്ഞമില്ലാത്ത ഇന്ത്യൻ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്രിവാളിൻറെ കാര്യത്തിൽ എന്തുകൊണ്ടാവും ഇങ്ങനെയൊരു നീക്കം. കേന്ദ്ര സർക്കാരിനെതിരെ എതിർ ശബ്ദം ഉയർത്തുന്ന നേതാക്കളുടെ വീട്ടിലെല്ലാം എന്തുകൊണ്ടാവും ഇഡി ഓടിയെത്തുന്നത്? അതിൻറെ ഉത്തരം 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ചേർത്ത് വായിക്കേണ്ടി വരും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാലും ഒറ്റയ്ക്ക് പ്രതിരോധിക്കാൻ തക്ക കരുത്തരായി കഴിഞ്ഞ 10 വർഷം കൊണ്ട് ബിജെപി വളർന്നു കഴിഞ്ഞു. എല്ലാ എതിർ ശബ്ദങ്ങളെയും അമർത്തി ഒതുക്കി ഇല്ലാതാക്കിത്തന്നെ. ഇൻഡ്യ സഖ്യത്തിലൂടെ പ്രതിപക്ഷ പാർട്ടികളുടെ ഒന്നിച്ചു പോരാടാനുള്ള തീരുമാനവും ബിജെപിയെ ചൊടിപ്പിച്ചു.
ഇലക്ട്രൽ ബോണ്ട് അഴിമതി എന്നതിനും മുകളിൽ അഴിമതി ഇല്ലാതാക്കാൻ എത്തിയ കെജ്രിവാളിനെ അഴിമതിവീരൻ എന്നുയർത്തിക്കാട്ടേണ്ടത് ഇപ്പോൾ ബിജെപിയുടെ ആവശ്യമാണ്. മോദിയും അദാനിയും തമ്മിലുള്ള ബന്ധം വെറും സൗഹൃദം മാത്രമല്ലെന്നും ആദാനിയുടെ പണം മോദിയുടെ കൂടി പണമാണെന്നും കെജ്രിവാൾ പ്രസംഗിച്ചതിന് ശേഷം കേസ് ഒന്നു കൂടി മുറുകി. അദാനി ഗ്രൂപ്പിൽ മോദിയാണ് മുതൽമുടക്കിയിരിക്കുന്നതെന്നും ഭൂമിയിലെ ഏറ്റവും സമ്പന്നനാകുകയാണു മോദിയുടെ ലക്ഷ്യമെന്നുമുള്ള കെജ്രിവാളിന്റെ പ്രസംഗം ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രശ്നം തന്നെയാണ്.
സമാനമായ അനുഭവം രാഹുൽ ഗാന്ധിക്കും ഉണ്ടായിട്ടുണ്ട്. മോദി - അദാനി ബന്ധം ലോക്സഭയിൽ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ആറു പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച പാർട്ടിയുടെ നേതാക്കൾക്ക് മാധ്യമങ്ങളുടെ മുൻപിൽ വന്ന് പറയേണ്ടി വന്നു, 'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങളുടെ കയ്യിൽ കാശ് ഇല്ല, സ്ഥാനാർത്ഥികളെ സഹായിക്കാന് കഴിയുന്നില്ല. ഞങ്ങളുടെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്' എന്ന്.
ഡൽഹി മദ്യനയ കേസിൽ മാപ്പ് സാക്ഷിയായി മാറിയ പി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് അഞ്ച് കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി സംഭാവനയായി നൽകിയെന്ന വാർത്തയും ഇപ്പോൾ പുറത്തുവരുന്നു. പണം മോഹിച്ചോ ഇഡിയുടെ അധികാരത്തെയും കേന്ദ്രത്തെയും ഭയന്നോ പല നേതാക്കൾക്കും തങ്ങളുടെ പാർട്ടിവിട്ട് ബിജെപിയിൽ ചേരേണ്ടി വന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ട് എന്ന് വ്യക്തം. ഇവിടെയാണ് കെജ്രിവാളിന്റെ അറസ്റ്റ് പ്രശ്നമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, അതിനിയും അങ്ങനെതന്നെ തുടരേണ്ടതുണ്ട്. ബാലറ്റുപെട്ടി പൊട്ടുന്നതിന് മുന്പേ എതിര്പാർട്ടികളെയൊക്കെ തകര്ക്കാന് ഭരണകക്ഷിക്ക് കഴിയുന്നെങ്കില്, അത് ജനാധിപത്യത്തിന്റെ കൂടി തകർച്ചയാണ്.