ചട്ടം പാലിക്കാതെ കരാര്‍ നല്കി; സര്‍ക്കാറിനോട് മാപ്പുപറഞ്ഞ് ഡിജിപി
14 May 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ചട്ടങ്ങള്‍ മറികടന്ന് കേരള പൊലീസുമായി ബന്ധപ്പെട്ട വൈബ് സൈറ്റ് നവീകരണത്തിന് കരാര്‍ നല്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് ഡിജിപി. മുന്‍ കൂര് അനുമതി വാങ്ങാതെ വെബ്സൈറ്റ് നവീകരണത്തിന് നാല് ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന സംഭവത്തിലാണ് നടപടി.
കരാര്‍ നല്കുമ്പോള് അനുമതിക്ക് കാത്തുനില്‍ക്കാതിരുന്നത് നവീകരണം വൈകാതിരിക്കാനാണ് എന്ന വിശദീകരണത്തോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഖേദ പ്രകടനം. ഡിജിപിയുടെ വിശീകരണം തൃപ്തികരമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ തുക ചെലവഴിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
സ്വകാര്യ ഐടി കമ്പനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ സാങ്കേതിക സമിതിയുടെ ശുപാര്‍ശയോ ഇല്ലാതെ പൊലീസിന്റെ വെബ്സൈറ്റ് നവീകരണത്തിനുള്ള കരാര്‍ നല്കിയ സംഭവം ആഭ്യന്തര വകുപ്പാണ് അടുത്തിടെ കണ്ടെത്തിയത്. വെബ്സൈറ്റ് രൂപകല്‍പ്പനയ്ക്കായി 4,01,200രൂപയാണ് ചെലവഴിച്ചതായി കണ്ടെത്തിയത്. പിന്നാലെയാണ്, മാപ്പപേക്ഷയുമായി ഡിജിപി അനില്‍കാന്ത് രംഗത്തെത്തിയത്.
മേലില്‍ ഇത്തരം വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കും. സമയപരിമിതി കാരണമാണ് വീഴ്ച സംഭവിച്ചത്. അതിനാല്‍ മാപ്പ് നല്കി വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്ത പ്രവൃത്തി അംഗീകരിച്ച് തരണമെന്നുമായിരുന്നു സര്‍ക്കാരിനോടുള്ള പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥന. വകുപ്പ് ഇക്കാര്യം വിശദമായി പരിശോധിച്ച് ആഭ്യന്തര വകുപ്പ് പൊലീസ് വെബ്സൈറ്റ് പുനര്‍രൂപകല്‍പ്പന ചെയ്തതിന് കമ്പനിക്ക് 4,01,200 രൂപ നല്‍കിയത് സാധൂകരിച്ച് നല്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു.
Story Highlight: Contracted without following rules kerala DGP apologizes to government