ന്യൂഡൽഹി: വോട്ടിങ് രണ്ടാം ഘട്ടത്തിലും ജനാധിപത്യത്തിൻ്റെ ഉത്സവം ജനം ആഘോഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇടത് പാർട്ടികളും പിന്നീട് തൃണമൂലും ഭരിച്ച് ബംഗാളിനെ തകർത്തുവെന്നും കഴിഞ്ഞ കാലം അഴിമതികളുടേതാണെന്നും ബംഗാളിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തുവെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ പണം ഊറ്റുകയാണ് ടിഎംസി. കേന്ദ്രം തരുന്ന പണം മന്ത്രിമാർ ചേർന്ന് പുട്ട് അടിക്കുകയാണ്. സന്ദേശ്ഖലിയിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ ടിഎംസി കുറ്റാരോപിതരെ സംരക്ഷിച്ചു. വനിതകളുടെ അഭിമാനം സംരക്ഷിക്കാൻ ബിജെപി മാത്രമേ ഉള്ളൂവെന്നും മോദി പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഇക്കൂട്ടർ പറയുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾ വലിയ പീഡനം അനുഭവിക്കുകയാണ്. അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുന്നു. അവരെ സഹായിക്കേണ്ട എന്നാണ് ഇൻഡ്യ സഖ്യം പറയുന്നതെന്നും മോദി പറഞ്ഞു.
കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ താലിയിൽ കൈവയ്ക്കും. സ്വത്ത് വീതംവയ്പ്പിലും പ്രശ്നമുണ്ടാകും. സ്വത്തും പണവും അവരുടെ വോട്ട് ബാങ്കിന് നൽകുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെന്നും മോദി ആവര്ത്തിച്ചു.
കർണാടകയിൽ മുസ്ലിങ്ങളെ കോൺഗ്രസ് ഒബിസിയിൽ ഉൾപ്പെടുത്തി. ഇതിലൂടെ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്. ഇൻഡ്യ സഖ്യത്തെ നയിക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസ് ഭരിക്കുന്നതാണ് കർണാടക. പ്രീണനമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്നും മോദി കൂട്ടിച്ചേർത്തു.