രക്ഷാദൗത്യംവിജയത്തിലേക്ക്; അഞ്ച് തൊഴിലാളികളെ പുറത്തെത്തിച്ചു;രണ്ട് മണിക്കൂറിനകം 41പേരും പുറത്തേക്ക്

തുരങ്കത്തിന് പുറത്ത് ആംബുലന്സും ഓക്സിജന് ബെഡും അടക്കം സജ്ജമാക്കിയിട്ടുണ്ട്

ഡെറൂഡൂണ്: ഉത്തരാഖണ്ഡിലെ സില്ക്യാര തുരങ്കത്തില് കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. 41 പേരില് അഞ്ച് തൊഴിലാളികളെ പുറത്തെത്തിച്ചു. അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്.എന്ഡിആര്എഫിന്റെ മൂന്നംഗസംഘമാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. 17 ദിവസത്തെ രക്ഷാപ്രവര്ത്തനമാണ് ഫലം കാണുന്നത്. രണ്ട് മണിക്കൂറിനകം 41 പ്രവര്ത്തകരേയും പുറത്തെത്തിക്കാനാകും.

രാജ്യം കണ്ട സങ്കീർണമായ രക്ഷാപ്രവർത്തനമാണ് വിജയം കാണാൻ പോകുന്നത്. രക്ഷാപ്രവർത്തനം ഉച്ചയോടെ മാനുവൽ ഡ്രില്ലിങ് പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തിൽ അധികം വരുന്ന ആംബുലൻസുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടർമാർ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ട്. ഒരാളെ പുറത്ത് എത്തിക്കാൻ 4 മിനിറ്റ് വേണ്ടി വരും. പുറത്ത് എത്തിക്കുന്ന തൊഴിലാളികൾക്ക് റിഷികേഷ് എയിംസിൽ 41 ബെഡുകളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം മൂന്ന് ഹെലികോപ്ടറുകൾ ലാൻഡ് ചെയ്യാവുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചിന്യാലിസൗരിലെ ജില്ലാ ആശുപത്രിയിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാനുവൽ ഡ്രില്ലിങിന് ഒപ്പം മല തുരന്നുള്ള ഡ്രില്ലിങ്ങും നടത്തിയെങ്കിലും മലതുരന്നുള്ള ഡ്രില്ലിങ് ഉച്ചയോടെ അവസാനിപ്പിച്ചു. തൊഴിലാളികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര മന്ത്രി ജനറൽ വി കെ സിംഗ് എന്നിവൽ തുരങ്കത്തിൽ എത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റുമായി ബന്ധുക്കളും സിൽക്യാരയിൽ ഉണ്ട്.

To advertise here,contact us