വടകരയില് കോണ്ഗ്രസ് -ബിജെപി ധാരണ, പാലക്കാട് തിരിച്ചു സഹായിക്കും; എം വി ഗോവിന്ദന്

'തൃശ്ശൂരില് ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും'

തിരുവന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് വടകരയില് ബിജെപി-കോണ്ഗ്രസ് ധാരണയുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വടകരയില് ഷാഫിയെ ജയിപ്പിച്ചാല് പാലക്കാട് ഉപതിരഞ്ഞെടുപ്പില് ബിജെപിയെ സഹായിക്കാനാണ് കോണ്ഗ്രസുമായി ഉണ്ടാക്കിയ ധാരണ. എന്നാല്, ഇതിനെയെല്ലാം മറികടന്ന് വടകരയില് എല്ഡിഎഫ് വന് വിജയം നേടുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. വടകര ഉള്പ്പെടെയുള്ള മേഖലകളില് കോണ്ഗ്രസ് അടക്കം വര്ഗീയ ധ്രുവീകരണം നടത്തി. എല്ഡിഎഫ് സ്ഥാനാര്ഥിക്കെതിരെ അശ്ലീല പ്രചാരണം വരെയുണ്ടായി.

കേരളത്തില് എല്ഡിഎഫിനെ ദുര്ബലപ്പെടുത്തുക എന്ന അജണ്ട കോണ്ഗ്രസും ബിജെപിയും സ്വീകരിക്കുന്നു. രാഹുല് ഗാന്ധി വയനാട് മത്സരിച്ചത് അതിനുദാഹരണമാണ്. കഴിഞ്ഞ തവണത്തെ പ്രഭ ഇത്തവണ കോണ്ഗ്രസിനും രാഹുല് ഗാന്ധിക്കുമില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാന് തൃശ്ശൂരില് ഇഡിയും മറ്റും മറയില്ലാതെ ഇടപെട്ടു. കേരളത്തില് ഭൂരിപക്ഷ സീറ്റുകളിലും എല്ഡിഎഫ് മുന്നേറ്റമുണ്ടാകും.

ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപി ദുര്ബലമാകുന്ന സ്ഥിതിയാണ്. വോട്ടെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില് അത് വ്യക്തമാണ്. വോട്ടെടുപ്പ് കഴിയും മുമ്പേ സഖ്യ കക്ഷികളെ തേടി ബിജെപി അലയുകയാണ്. മോദിയുടെ ഗ്യാരണ്ടി ജനങ്ങള് തള്ളി. ഇതോടെ വര്ഗീയ പ്രചരണത്തിന് നേതൃത്വം നല്കുകയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ജാഗ്രത പുലര്ത്തണം.

ബിജെപിയുടെ കള്ളപ്രചരണങ്ങള് ജനങ്ങള് വിശ്വാസത്തില് എടുത്തില്ല. ബിജെപിയുമായി കൂട്ടുകൂടാന് കോണ്ഗ്രസ് മടി കാണിച്ചില്ല. തൃശ്ശൂരില് ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫ് സ്വാധീന മേഖലകളിലാണ്. പോളിങ്ങ് ശതമാനം കുറഞ്ഞത് എല്ഡിഎഫിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.

To advertise here,contact us