തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സപ്ലൈകോയിലെ വിലവർദ്ധന അനീതിയാണെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. കഴിഞ്ഞദിവസം സപ്ലൈകോ പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സബ്സിഡി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ വിമർശിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി സഭയെ അറിയിച്ചാൽ അപ്പോൾ തന്നെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
നിലവിൽ സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. വിപണി വിലയിൽ 35% സബ്സിഡി നൽകി വില പുതുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വില വർധനയ്ക്ക് അംഗീകാരം നൽകിയത്.
വിപണിയിൽ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയിൽ വൻ വിലവർദ്ധനയാണ് ഉണ്ടാവുക. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവിൽ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയിൽ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.