കാസര്ഗോഡ്: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സര്ക്കാരും കേന്ദ്രസര്ക്കാരും ഒരുപോലെ ഉത്തരവാദികള് എന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കള്ളകളി കളിക്കുകയാണ്. കേന്ദ്രം തരാനുള്ളത് തരാതിരിക്കുന്നത് ശരിയല്ല. ടിഎന് പ്രതാപന് എംപി പറയുന്നതിന് മുമ്പും പാര്ട്ടി നിലപാട് ഇത് തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തോടുളള കേന്ദ്രസര്ക്കാര് അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന ടി എന് പ്രതാപന്റ പ്രസ്താവനയിലാണ് പ്രതികരണം. പ്രസ്തുത വിഷയം സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം പി അടിയന്തിര പ്രമേയത്തിന് നോട്ടീസും നല്കിയിരുന്നു. എന്നാല് ടി എന് പ്രതാപന് ഇക്കാര്യം പാര്ട്ടിയില് ചര്ച്ച ചെയ്തോയെന്ന് അറിയില്ല. സംസ്ഥാന സര്ക്കാരിനെ ധാര്മികമായി പിന്തുണക്കേണ്ട കടമ പ്രതിപക്ഷത്തിന് ഇല്ലെന്നും സാമ്പത്തിക പ്രതിസന്ധിയില് കേന്ദ്രത്തെ പോലെ തന്നെ സംസ്ഥാന സര്ക്കാരിനും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗൃഹ സന്ദര്ശനത്തിലാണ് പ്രതികരണം.
'ബിജെപിയെ പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നു'; ഇൻഡ്യ സഖ്യം ശക്തി പ്രാപിക്കുമെന്ന് അഖിലേഷ് യാദവ്
യുഡിഎഫിന്റെ വിചാരണ സദസ്സിന്റെ ഭാഗമായിട്ടാണ് ഗൃഹ സന്ദര്ശനം നടത്തുന്നത്. ഇന്ന് കാസര്ഗോഡ് പള്ളിക്കര ഭാഗത്തെ വീടുകളിലാണ് സന്ദര്ശനം നടത്തുന്നത്. വീടുകളില് സംസ്ഥാന സര്ക്കാരിനെതിരായ 'കുറ്റപത്രം' വിതരണം ചെയ്യുന്നുണ്ട്.
സ്കൂളുകളില് ഉച്ചകഞ്ഞി വിതരണം പോലും തടസ്സപ്പെടുന്ന നിലയില് രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളമെന്ന് ടിഎന് പ്രതാപന് ഇന്ന് ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് അര്ഹമായ വിഹിതങ്ങളോ പുതിയ പദ്ധതികളോ സാമ്പത്തിക സഹായമോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല. ബിജെപി ഇതര പാര്ട്ടികള് ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത അവഗണനയും ഫെഡറല് തത്വങ്ങള്ക്ക് നിരക്കാത്ത അനീതിയുമാണ് കാണിക്കുന്നതെന്നും ടിഎന് പ്രതാപന് ആരോപിച്ചു.