കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അക്കാദമിയുടെ പ്രവര്ത്തനങ്ങളില് ഏതാനം വര്ഷങ്ങളായി സംഭവിച്ചുകൊണ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും എഴുത്തുകാരന് സി രാധാകൃഷ്ണന് സംസാരിക്കുന്നു.
അക്കാദമിയുടെ തീരുമാനങ്ങളിൽ മുൻവിധികളുണ്ടാകരുത്
ഇന്ത്യയിലെ സ്വതന്ത്ര നിലപാടുള്ള ഒരു സാംസ്കാരിക സ്ഥാപനമാണ് കേന്ദ്ര സാഹിത്യ അക്കാദമി. 70 വർഷം മുമ്പ് സ്ഥാപകസമയത്ത് തന്നെ അക്കാദമിക്ക് ശക്തമായ ഒരു ഭരണഘടനയുണ്ടായിരുന്നു. അതിനെ കാര്യമായി നശിപ്പിക്കാന് ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. എഴുത്തുകാർക്ക് പല അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. വ്യക്തിപരമായ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകാം. രാഷ്ട്രീയചായ്വ് ഉണ്ടാകാം. എന്നാൽ അക്കാദമിയിലെ ഉത്തരവാദിത്തപെട്ട ഒരു സ്ഥാനത്തിരുന്ന് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത്തരം എല്ലാ വ്യത്യാസങ്ങളും മറക്കുകയാണ് പതിവ്. വ്യക്തികളുടെ മുൻവിധികളൊന്നും ഇവിടെ പ്രശ്നം ആകാറില്ല. അതിനാല് തന്നെ അക്കാദമിയുടെ തീരുമാനങ്ങളിലൊന്നും രാഷ്ട്രീയം പ്രതിഫലിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. നെഹ്റു ഉള്പ്പെടെയുള്ള മുന് നേതാക്കള് പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയിട്ടല്ല, എഴുത്തുകാരും ചിന്തകരുമായിട്ടാണ് അക്കാദമി സന്ദര്ശിച്ചിരുന്നത്. ഞാന് ഇവിടെ ഇരിക്കുന്നത് ഇന്ത്യയുടെ പ്രധാന മന്ത്രിയായിട്ടല്ല, ഒരു എഴുത്തുകാരനായിട്ടാണ് എന്നായിരുന്നു നെഹ്റു പറയാറുണ്ടായിരുന്നത്. ഇത്തരത്തില് ഒരു കൂട്ടായ്മയായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി. ഇന്ത്യയിലെ സാംസ്കാരിക അന്തരീക്ഷത്തിന് സ്ഥിരമായ ഒരു ഈടുവയ്പ്പ്...
പല സംസ്ഥാനങ്ങളിലെയും അക്കാദമികളുടെ സ്വയം ഭരണാവകശമൊക്കെ എന്നേ നഷ്ടപെട്ടു പോയിരിക്കുന്നു... പല ഇടങ്ങളിലും സർക്കാർ നിയമിക്കുന്ന ആളുകളും അവർ പറയുന്ന കാര്യങ്ങളുമേ നടക്കൂ. കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടെയുമൊക്കെ ജനാധിപത്യ സ്വഭാവം നഷടപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിന് എതിരെയാണ് എന്റെ പ്രതിഷേധം. അക്ഷരം ആണ് ഒരു സമൂഹത്തിന്റെ നായകത്വത്തിന്റെ അടിസ്ഥാനം എന്നാണ് പറയുക. അങ്ങനെയെങ്കില് ഈ അക്ഷരം എഴുതുന്ന ആള് ഏറ്റവും നിഷ്പക്ഷനായിരിക്കണം, നല്ല വീക്ഷണകോണുള്ള ആളുകളായിരിക്കണം എന്നൊക്കെയാണ് സങ്കല്പ്പം. ഇത് നിലനിര്ത്തിക്കൊണ്ടു പോകാനും നമ്മുക്ക് കഴിഞ്ഞിരുന്നു. എന്നാല് അടുത്തകാലത്തായി ഇതിൽ ചില മാറ്റങ്ങള് കാണുന്നു.
രാഷ്ട്രീയത്തില് മതം കലർന്നപ്പോള് അക്കാദമിയില് സംഭവിച്ചത്...
ഒരിക്കല് പോലും ഭൂരിപക്ഷ ജനത തിരഞ്ഞെടുത്തവര് ഭരിച്ചിട്ടില്ലാത്ത ഒരു ജനാധിപത്യ രാജ്യമാണ് നമ്മുടേത്. സ്വാതന്ത്ര്യം കിട്ടിയ കാലത്തൊക്കെ 20 ശതമാനം മുതല് 30 ശതമാനം വരെ മാത്രമായിരുന്നു പോളിങ്. അതായത് 70 ശതമാനം മുതല് 80 ശതമാനം വരെ വോട്ട് ചെയ്യാത്തവരാണ്. രാജ്യത്തെ ആകെ ജനസംഖ്യയില് പത്തോ പതിനഞ്ചോ ശതമാനം ആളുകള് തിരഞ്ഞെടുത്തവരാണ് രാജ്യം ഭരിച്ചത്. പിന്നീട് പോളിങ് ശതമാനം വർദ്ധിച്ചപ്പോള് പാർട്ടികളുടെ എണ്ണവും വർദ്ധിച്ചു. അഞ്ചും ആറും പാർട്ടികളായി. അപ്പോഴും ഭരിക്കുന്ന പാർട്ടി രാജ്യത്തെ ചെറിയൊരു ശതമാനത്തിന്റെ മാത്രം തിരഞ്ഞെടുപ്പ് ആയിരുന്നു. ഇന്ന് ഇതുവരെയും ശരിയായ ഭൂരിപക്ഷമുള്ള, നാട്ടുകാരില് 51 ശതമാനവും വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു ഭരണകൂടം നമ്മുടെ നാട്ടില് ഉണ്ടായിട്ടില്ല.
അങ്ങനെയിരിക്കെയാണ് രാഷ്ട്രീയം ജാതിയും മതവും അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ തുടങ്ങിയത്. രാഷ്ട്രീയത്തില് മതം കലർന്നപ്പോള് അതൊരു വൈകാരിക പ്രശ്നമായി, സാമൂഹിക സ്പർദ്ധയായി, വിഭജനമായി, തമ്മിൽ തല്ലായി, ലഹളയായി. ഈ ലഹള വർദ്ധിപ്പിക്കുന്നതിലായി രാഷ്ട്രീയ പാർട്ടികളുടെ താത്പര്യം. ഇതോടെ എല്ലാ അക്കാദമികളെയും സംസ്കാരിക സ്ഥാപനങ്ങളെയും ഈ താത്പര്യങ്ങൾ വിഴുങ്ങാന് തുടങ്ങി. സാഹിത്യ അക്കാദമിയുടേത് അടിയുറച്ച ഒരു ഭരണഘടനയായതു കൊണ്ട് അത്ര പെട്ടെന്ന് അതിനെ അങ്ങനെ വിഴുങ്ങാൻ കഴിഞ്ഞില്ല. എന്നാൽ ഒരു അഞ്ച് പത്ത് കൊല്ലം മുൻപ് മുതൽ അക്കാദമിയിലും ഈ വിഴുങ്ങൽ പ്രക്രിയ തുടങ്ങിയിരുന്നോ എന്നൊരു സംശയം ഉണ്ട്.
കഴിഞ്ഞ വർഷമാണ് സാഹിത്യ അക്കാദമിയുടെ ഈ ടേം തുടങ്ങുന്നത്. തുടക്കത്തില് തന്നെ അക്കാദമിയുടെ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യുന്നത് ഒരു മന്ത്രിയാണ്. സാധാരണ നാട് ഭരിക്കുന്നവരായിരുന്നില്ല ഇത്തരം ഉദ്ഘാടനം നിർവഹിച്ചിരുന്നത്. ഇത് അക്കാദമിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെ ചോദ്യം ചെയ്തപ്പോള് ബന്ധപെട്ടവർ അന്ന് പറഞ്ഞത് ഇനി ഇത് ആവർത്തിക്കില്ല എന്നായിരുന്നു. എന്നാല് ഈ കൊല്ലവും ഗതി ഇതു തന്നെ. മാത്രമല്ല അക്കാദമിയിലെ അംഗങ്ങൾ തന്നെ രാഷ്ട്രീയമായി ചേരി തിരിഞ്ഞു കൊണ്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. നമ്മുടെ നാടിന് ആവശ്യമായ സ്വച്ഛതയും ഏകതയുമൊക്കെ അക്കാദമിയിൽ തന്നെ ഇല്ലാതായിരിക്കുന്നു.
ആദ്യകാലത്ത് എതിരഭിപ്രായം പറഞ്ഞപ്പോൾ, അക്കാദമി ലോകത്തിലെ തന്നെ ഏറ്റവും വലിയൊരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു അപ്പോൾ അതിന് വലിയൊരു പബ്ലിസിറ്റി കിട്ടുന്നയാളല്ലേ ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു അക്കാദമി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറുപടി. അങ്ങനെയെങ്കിൽ നമുക്ക് രാഷ്ട്രപതിയെ കണ്ട് ഫെസ്റ്റിവെല് ഉദ്ഘാടനം ചെയ്യാൻ പറയാം, അതും വലിയൊരു പബ്ലിസിറ്റി ആണല്ലോ? രാഷ്ട്രപതിക്ക് രാഷ്ട്രീയം ഇല്ലല്ലോ എന്നായിരുന്നു എന്റെ വാദം.
പുറത്തു പോകാം എന്ന തീരുമാനം
ഇത് ശരിയാവില്ല. ഇങ്ങനെ തുടർന്നാൽ അക്കാദമിയിലും രാഷ്ട്രീയ വേർതിരിവുകള് ഉണ്ടാകും. ഭരിക്കുന്ന പാർട്ടികളൊക്കെ അക്കാദമിയെ അവരുടെ ഭാഗത്താക്കാൻ നോക്കും. അവിടെ നീതിയും ന്യായവും ഭരണവും ഒക്കെ അതിന്റെ വഴിക്ക് പോകും. ഈ സാഹചര്യത്തിലാണ് പുറത്തു പോകാം എന്ന തീരുമാനം എടുക്കുന്നത്. ഈ ഇറങ്ങി പോകല് ഒരു പ്രതിരോധ മാർഗമായി ഉപയോഗിക്കാം എന്ന് എനിക്ക് തോന്നി. എന്റെ കൂടെ ഇറങ്ങിപ്പോരാൻ കുറെ പേർ തയ്യാറായെങ്കിലും ഞാന് വിലക്കുകയായിരുന്നു. കൂടുതൽ ആളുകൾ പോയാൽ പിന്നെയും പ്രശ്നം വർദ്ധിക്കും. ഇത് ഒരു സൂചനയായി എടുത്താൽ മതി. നിങ്ങളെക്കൊണ്ട് കഴിയും പോലെ ഇത് നേരെ ആക്കാൻ പരിശ്രമിക്കുക. രണ്ടു തരത്തിലുള്ള സൂചനയാണ് ഞാന് നിങ്ങൾക്ക് തരുന്നത് ഒന്ന് നമുക്കിടയിൽ തന്നെയുള്ള ഈ രാഷ്ട്രീയ വിഭജനം അവസാനിക്കണം. രണ്ട് പുറത്തുള്ള ആളുകൾക്കുള്ള ഒരു സന്ദേശമാവണം ഈ ഇറങ്ങിപ്പോക്ക് എന്നാണ് ഞാന് അവരോട് പറഞ്ഞത്. ഏതെങ്കിലും പാർട്ടിയോടോ മതത്തോടോ ജാതിയോടോ ഉള്ള എതിർപ്പല്ല, രാജ്യത്തെ മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളണം എന്ന ബോധ്യമാണ് ഈ തീരുമാനത്തിന് പിന്നില്.
വ്യക്തി താത്പര്യങ്ങള് അവാർഡില് പ്രതിഫലിക്കരുത്
ഇന്ത്യയിൽ കാക്കത്തൊള്ളായിരം ജാതിയും മതവും ഉണ്ടല്ലോ, ഇതിനൊക്കെ ഓരോ രാഷ്ട്രീയ പാർട്ടിയും ഉണ്ട്. അത്രയും പിളർന്നു പോകുന്നുണ്ട് നാട്. ഈ പിളർപ്പ് തന്നെയാണ് അക്കാദമിയിലേക്കും കടന്നുവരുന്നത്. വരാന് പോകുന്ന ഇലക്ഷനും ഒരു പാർട്ടിക്ക് മറ്റു പാർട്ടികളോടുള്ള സമീപനവും മാത്രമല്ല ഇവിടെ പ്രശ്നം. അക്കാദമിക്ക് സ്വതന്ത്രമായി തീരുമാനങ്ങള് എടുക്കാന് കഴിയുന്നില്ല. ഏത് പാർട്ടിയും അധികാരത്തിൽ വരുമ്പോൾ ഇതുതന്നെയാണ് ചെയ്യാൻ ശ്രമിക്കുക. അടിസ്ഥാനപരമായ ഒരു നിലപാടിന്റെ പ്രശ്നമാണ്. ഇതിനെയാണ് അണ്ണാ ഹസാരെ പോലുള്ള ആൾക്കാരും മഹാത്മാഗാന്ധിയും ഒക്കെ എതിർത്തത്. നമ്മൾ ഇപ്പോഴും ആ പടുകുഴിയിൽ കിടന്ന് വട്ടം കറങ്ങുകയാണ്. ഇങ്ങനെ ഒരു ദാർശനികമായ നിലപാടാണ് എന്റേത്, അല്ലാതെ രാഷ്ട്രീയമായ ഒരു നിലപാട് അല്ല. അൽപകാലമല്ല ദീര്ഘകാലമാണ് മുന്നില് കാണുന്നത്.
അക്കാദമിക്ക് യോജിച്ചൊരു തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നു. അക്കാദമിയിലെ ഒരു അംഗത്തിനോ ഒരു കൂട്ടം അംഗങ്ങള്ക്കോ എന്തെങ്കിലും താത്പര്യങ്ങളുടെ പുറത്ത് ഒരാൾക്ക് ഒരു അവാർഡ് കൊടുക്കാൻ കഴിയില്ല. അതിനൊരു രീതിയുണ്ട്, വ്യക്തി താത്പര്യങ്ങള് അവാർഡില് പ്രതിഫലിക്കരുത് എന്ന നിർബന്ധമുണ്ട്. അതിനാൽ ധാർമികമായ ഒരു നിലപാടിൽ നിന്നേ അക്കാദമിയിലെ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ... അങ്ങനെയേ പാടുള്ളൂ. അതുമാറി എനിക്കിഷ്ടമുള്ള ആൾക്ക് അവാർഡ് കൊടുക്കണമെന്ന് ഒരു പാർട്ടിയോ വ്യക്തികളോ തീരുമാനിച്ചാല് അവസ്ഥ മാറും. നിയമങ്ങൾ മാറ്റി എഴുതപ്പെടേണ്ടി വരും. പിന്നെ കടയിൽ പോയി സാധനം വാങ്ങുന്നതും അക്കാദമിയില് പോയി അവാർഡ് വാങ്ങുന്നതും തമ്മിൽ എന്താണ് വ്യത്യാസം? ഈ അവസ്ഥ ഉണ്ടാകരുത്.
മരുഭൂമിയിൽ അയാൾ ലൈംഗികദാരിദ്ര്യം അനുഭവിച്ചിരുന്നെന്ന് പറയാന് എന്തിനാണ് ഒരു എഴുത്തുകാരൻ!