രാജ്‌കോട്ടില്‍ ഇംഗ്ലീഷ് വധം; റെക്കോര്‍ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തം

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി
രാജ്‌കോട്ടില്‍ ഇംഗ്ലീഷ് വധം; റെക്കോര്‍ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും പിടിച്ചെടുത്ത് ഇന്ത്യ. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് രോഹിത് ശര്‍മ്മയും സംഘവും സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി.

മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. 557 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 39.3 ഓവറില്‍ വെറും 122 റണ്‍സിന് എറിഞ്ഞിട്ടു. ഇതോടെ 434 റണ്‍സിന്റെ മഹാവിജയം ഇന്ത്യയ്ക്ക് സ്വന്തമായി. റണ്‍സ് അടിസ്ഥാനത്തില്‍ ടെസ്റ്റില്‍ ഇന്ത്യ നേടുന്ന എക്കാലത്തെയും വലിയ വിജയമാണ് ഇന്ന് രാജ്‌കോട്ടില്‍ സ്വന്തമാക്കിയത്. അതേസമയം 1934ന് ശേഷം ഇംഗ്ലണ്ടിന് വഴങ്ങേണ്ടിവന്ന ഏറ്റവും വലിയ തോല്‍വിയുമാണിത്.

അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ടും രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയും ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലീഷ് പട തുടക്കം തന്നെ പതറുന്ന കാഴ്ചയ്ക്കാണ് രാജ്‌കോട്ട് സാക്ഷ്യം വഹിച്ചത്. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങിയതില്‍ തുടങ്ങി ഇംഗ്ലണ്ടിന്റെ പതനം. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ സാക്ക് ക്രൗളിയെയും ബെന്‍ ഡക്കറ്റിനെയും ഇംഗ്ലീഷ് നിരയ്ക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് റണ്‍ ഔട്ടായി. 11 റണ്‍സെടുത്ത സാക്ക് ക്രൗളിയെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി.

രാജ്‌കോട്ടില്‍ ഇംഗ്ലീഷ് വധം; റെക്കോര്‍ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തം
ഇംഗ്ലണ്ടിന് തകർച്ച തുടങ്ങി; ഓപ്പണർമാർ പുറത്ത്

പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വീണ്ടും രണ്ട് വിക്കറ്റുകള്‍ വീണു. ഒലി പോപ്പിനെയും (3) ജോണി ബെയര്‍സ്‌റ്റോയെയും (4) പുറത്താക്കി ജഡേജ കരുത്തുകാട്ടി. നാല് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതിനു പിന്നാലെ ജോ റൂട്ട്-ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം തുടരുന്നതിനിടെ വീണ്ടും ജഡേജ വില്ലനായി അവതരിച്ചു.

ടീം സ്‌കോര്‍ 50ല്‍ നിന്ന് അനങ്ങുന്നതിന് മുന്നേ മൂന്ന് പേര്‍ ഇംഗ്ലീഷ് നിരയില്‍ നിന്ന് ഡ്രെസിങ് റൂമിലേക്ക് മടങ്ങി. 40 പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത റൂട്ടിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ടിനു അഞ്ചാം വിക്കറ്റും നഷ്ടമായി. തൊട്ടുപിന്നാലെ പന്തുമായി എത്തിയ കുല്‍ദീപ് യാദവും ഇംഗ്ലീഷ് പ്രതീക്ഷകളെ തച്ചുടച്ചു. 15 റണ്‍സുമായി ഇന്നിങ്‌സ് നയിക്കുകയായിരുന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കി. സ്‌കോര്‍ ബോര്‍ഡ് ചലിക്കുന്നതിന് മുന്നെ ഏഴാം വിക്കറ്റും വീണു. രെഹാന്‍ അഹമ്മദിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ കുല്‍ദീപ് സിറാജിന്റെ കൈകളിലെത്തിച്ചു.

രാജ്‌കോട്ടില്‍ ഇംഗ്ലീഷ് വധം; റെക്കോര്‍ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തം
ആൻഡേഴ്സനെതിരെ ഹാട്രിക് സിക്സ്, ജയ്സ്വാളിന് രണ്ടാം ഇരട്ട സെഞ്ച്വറി; ഇംഗ്ലണ്ടിന് ലക്ഷ്യം 557

50ന് ഏഴ് എന്ന നിലയില്‍ കൂപ്പുകുത്തിയ ഇംഗ്ലണ്ടിന്റെ രക്ഷക്കായി ബെന്‍ ഫോക്‌സും ടോം ഹാര്‍ട്‌ലിയും ക്രീസില്‍ ഉറക്കാന്‍ ശ്രമിച്ചു. ആ കൂട്ടുകെട്ടും ജഡേജയ്ക്ക് മുന്നില്‍ തകര്‍ന്നു. 39 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഫോക്‌സിനെ ജഡേജ ധ്രുവ് ജൂറേലിന്റെ കൈകളിലെത്തിച്ചു. 16 റണ്‍സെടുത്ത ടോം ഹാര്‍ട്‌ലിയെ രവിചന്ദ്രന്‍ അശ്വിന്‍ ബൗള്‍ഡാക്കുകയും ചെയ്തു.

ഒന്‍പതാം വിക്കറ്റായി ഹാര്‍ട്‌ലി ക്രീസ് വിടുമ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍ 91 റണ്‍സ് മാത്രമായിരുന്നു. വാലറ്റത്ത് ചെറുത്തുനിന്ന മാര്‍ക് വുഡിനെ പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. 15 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വുഡ് മടങ്ങിയതോടെ വിജയം ഇന്ത്യയ്ക്ക് സ്വന്തമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com