National

'മതത്തിൻ്റെ പേരിൽ വോട്ടു തേടി'; മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസം​ഗം നടത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മതത്തിന്റെ പേരിൽ മോദി വോട്ട് തേടിയെന്നും അതിനാൽ തിരഞ്ഞെടുപ്പ് വിലക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. മുസ്ലിം സമു​ദായത്തിനെതിരെ രാജസ്ഥാനിലെ ബൻസ്വരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടയിൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. മോദിയുടെ വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

അതേസമയം നേരത്തെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. പാർട്ടി അധ്യക്ഷൻമാരിൽ നിന്നാണ് വിശദീകരണം തേടിയത്. ഇതാദ്യമായാണ് പരാതിക്കാർക്ക് നോട്ടീസ് നേരിട്ട് നൽകാതെ പാർട്ടി അധ്യക്ഷരോട് വിശദീകരണം തേടിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോടും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയോടുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടത്. മോദിയും രാഹുൽ ഗാന്ധിയും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമാണ് നടപടി. ഏപ്രിൽ 29 ന് 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം.

താര പ്രചാരകരുടെയും സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം രാഷ്ട്രീയപാർട്ടികൾക്കാണ്. ഉന്നത പദവിയിൽ ഉള്ളവരുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൻ്റെ ഉള്ളടക്കം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു തിര‍ഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചത്. മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ബിജെപിയും കോൺ​ഗ്രസും പരസ്പരം ഉന്നയിച്ചിരുന്നു.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

'അത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ? നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൈവശമുള്ള സ്വര്‍ണ്ണം പ്രദര്‍ശനവസ്തുവല്ല അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. അവരുടെ മംഗല്യസൂത്രത്തിന്റെ മൂല്യം സ്വര്‍ണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവരുടെ ജീവിത സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നും മോദി ചോദിച്ചിരുന്നു.

ഏപ്രിൽ 11 ന് കോട്ടയത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് നോട്ടീസ് അയച്ചത്. ബിജെപി രാജ്യത്തെ മതത്തിൻ്റെയും, ജാതിയുടെയും, ഭാഷയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം. ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വരയിൽ മോദി നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്ക് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനിൽ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT