മലയാളത്തിൻ്റെ 'ഹോളിവുഡ്' വില്ലൻ; പ്രേക്ഷകനെ ഹരംകൊള്ളിച്ച 'പൂച്ചക്കണ്ണൻ ബെഞ്ചമിൻ ബ്രൂണോ'

മോഹൻലാലിനും മമ്മൂട്ടിക്കും സൽമാൻ ഖാനും സഞ്ജയ് ദത്തിനുമെല്ലാം ഒത്ത വില്ലനായി തിളങ്ങിയ നടനാണ് ഗാവിൻ
മലയാളത്തിൻ്റെ 'ഹോളിവുഡ്' വില്ലൻ; പ്രേക്ഷകനെ ഹരംകൊള്ളിച്ച 'പൂച്ചക്കണ്ണൻ ബെഞ്ചമിൻ ബ്രൂണോ'

നടൻ ഗാവിൻ പക്കാർഡിന്റെ ഓർമ്മകൾക്ക് 12 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഗാവിൻ പക്കാർഡ് എന്ന് കേട്ട് നെറ്റിചുളിക്കാൻ വരട്ടെ, അദ്ദേഹം മലയാളികൾക്ക് സുപരിചിതനായത് മറ്റു ചില പേരുകളിലാണ്. ജയിൽ പുള്ളിയായ ഫാബിയനായി... അധോലോക നായകനായ ആൽബർട്ടോ ഫെലിനിയായി... വാടക കൊലയാളിയായ ബെഞ്ചമിൻ ബ്രൂണോയായി ഒക്കെയാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത്.

ബ്രിട്ടീഷുകാരനായ ഈൽ പക്കാർഡിന്റെയും ഇന്ത്യക്കാരിയായ ബാർബറയുടെയും മകനായാണ് ഗാവിൻ ജനിച്ചത്. 1988 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ആര്യൻ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമയിൽ മോഹൻലാലും ഗാവിനും തമ്മിലുള്ള ബോക്സിങ് രംഗമെല്ലാം ഏറെ ശ്രദ്ധ നേടി.

തൊട്ടടുത്ത വർഷം പദ്മരാജൻ ഒരു ത്രില്ലർ ചിത്രം ചെയ്തപ്പോൾ അതിലെ പ്രധാന വില്ലൻ കഥാപാത്രമായി തിരഞ്ഞെടുത്തത് ഗാവിനെയായിരുന്നു. സീസൺ എന്ന സിനിമയ്ക്ക് ഒരു ക്ലാസിക് സ്വഭാവം ലഭിക്കുന്നതിൽ അദ്ദേഹത്തിന്റെ ഫാബിയൻ എന്ന വില്ലനും വലിയ പങ്ക് വഹിക്കുന്നുണ്ട്.

മോഹന്ലാലിനൊപ്പമുള്ള കിടിലൻ വില്ലൻ വേഷത്തിന് ശേഷം ഗാവിനെ മലയാളികൾ കണ്ടത് ശ്രീനിവാസൻ-സുരേഷ് ഗോപി ചിത്രമായ ആനവാൽ മോതിരത്തിലാണ്. ആൽബർട്ടോ ഫെലിനി എന്ന അധോലോകനായകന്റെ വേഷത്തിലാണ് സിനിമയിൽ അദ്ദേഹമെത്തിയത്. അതുപോലെ അദ്ദേഹത്തിന്റെ മറക്കാനാകാത്ത മറ്റൊരു വേഷമാണ് ആയുഷ്‌കാലത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന വാടക കൊലയാളിയുടേത്.

മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ ജാനി ദുശ്മനായിരുന്നു അവസാന ചിത്രം. ശ്വാസകോശ രോഗം ബാധിച്ച അദ്ദേഹം 2012 ൽ മുബൈയിൽ വെച്ചാണ് മരണമടഞ്ഞത്.

മോഹൻലാലിനും മമ്മൂട്ടിക്കും സൽമാൻ ഖാനും സഞ്ജയ് ദത്തിനുമെല്ലാം ഒത്ത വില്ലനായി തിളങ്ങിയ നടനാണ് ഗാവിൻ. മലയാളത്തിൽ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ആ മുഖം മലയാളികൾ ഒരിക്കലും മറക്കില്ല. മലയാളത്തിന്റെ സ്വന്തം വിദേശ വില്ലന്റെ ഓർമ്മകൾക്ക് പ്രണാമം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com