നിശബ്ദനാക്കാൻ വന്നവൻ നിശബ്ദനായ നിമിഷം; കമ്മിൻസിന് തെറ്റിയത് എവിടെ?

ഭുവനേശ്വർ കുമാർ ഒരോവർ മാത്രമാണ് മത്സരത്തിൽ പന്തെറിഞ്ഞത്.
നിശബ്ദനാക്കാൻ വന്നവൻ നിശബ്ദനായ നിമിഷം; കമ്മിൻസിന് തെറ്റിയത് എവിടെ?

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്ന ആരാധകർ പറയുന്ന രസകരമായ ഒരു കാര്യമുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെ തോൽപ്പിക്കാൻ ഓസ്ട്രേലിയയ്ക്ക് കഴിയും. എന്നാൽ രണ്ടാം നിര ടീമാണെങ്കിൽ ഓസീസ് സംഘം വിറച്ചുവീഴും. 2021ൽ ബോർഡർ ​ഗാവസ്കർ ട്രോഫി നടക്കുന്ന സമയം. വിരാട് കോഹ്‌ലി ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. അജിൻക്യ രഹാനെയാണ് ടീമിനെ പിന്നെ നയിച്ചത്. പരമ്പരയ്ക്കിടെ മുൻനിര താരങ്ങൾക്ക് പലർക്കും പരിക്കേറ്റു. പക്ഷേ അജിൻക്യ രഹാനെയുടെ ടീം ഓസ്ട്രേലിയയെ തകർത്തെറിഞ്ഞു.

2023ൽ ഏകദിന ലോകകപ്പിന് തൊട്ടുമുമ്പായി ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ഉണ്ടായിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാതെ കളിച്ച ഇന്ത്യൻ ടീം ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ഇരുവരും മടങ്ങിയെത്തിയപ്പോൾ മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.

ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ഐപിഎൽ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ടൂർണമെന്റിൽ മികച്ച ടീമുകളോടെല്ലാം ഹൈദരാബാദ് വിജയിച്ചു. ധോണിയുടെയും കോഹ്‌ലിയുടെയും രോഹിതിന്റെയും ആരാധകർ നിശബ്ദരായി നിന്നു. പക്ഷേ ഒരിക്കൽ കൂടെ റോയൽ ചലഞ്ചേഴ്സുമായി ഏറ്റുമുട്ടിയപ്പോൾ നിശ്ബദനായത് പാറ്റ് കമ്മിൻസ് തന്നെയായിരുന്നു. ടൂർണമെന്റിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. എവിടെയാണ് കമ്മിൻസിനും സംഘത്തിനും പിഴച്ചത്?

അനായാസം ജയിക്കുമെന്ന് കരുതി അമിത ആത്മവിശ്വാസത്തിൽ ഇറങ്ങിയതാണ് സൺറൈസേഴ്സിന് പറ്റിയ ആദ്യ തെറ്റ്. റോയൽ ചലഞ്ചേഴ്സ് റൺസ് ഉയർത്തുമ്പോൾ ഇതൊക്കെ എന്ത് എന്ന് കരുതി നോക്കി നിന്നു. ഫാഫ് ഡു പ്ലെസിയെയും വിൽ ജാക്സിനെയും വീഴ്ത്തി ഏഴ് ഓവറിൽ സൺറൈസേഴ്സ് ഭേദപ്പെട്ട നിലയിൽ എത്തി. എന്നാൽ രജത് പാട്ടീദാറിനെ ആക്രമിക്കാൻ വിട്ടത് വലിയ തെറ്റായി.

സ്പിന്നിനെ അനായാസം നേരിടുന്ന പാട്ടിദാറിനെതിരെ പേസർമാരെ ഇറക്കാൻ കമ്മിൻസ് മടിച്ചു. അതും ഭുവനേശ്വർ കുമാർ, ടി നടരാജൻ, പാറ്റ് കമ്മിൻസ് തുടങ്ങിയവർക്ക് ആവശ്യത്തിലധികം ഓവറുകൾ ഉള്ളപ്പോൾ. മായങ്ക് മാർക്കണ്ഡയെ ഒരോവറിൽ നാല് തവണ അതിർത്തി കടത്തി പാട്ടിദാർ അതിവേ​ഗം അർ‌ദ്ധ സെഞ്ച്വറിയിലേക്കെത്തി.

അനുഭവ സമ്പനന്നായ പേസർ ഭുവനേശ്വർ കുമാർ ഒരോവർ മാത്രമാണ് മത്സരത്തിൽ പന്തെറിഞ്ഞത്. ഒരു ഘട്ടത്തിൽ താരത്തിന് എന്തെങ്കിലും പരിക്കാണോയെന്ന് വരെ ആരാധകർ സംശയിച്ചു. ഭുവനേശ്വർ ബാറ്റിം​ഗിന് എത്തിയപ്പോഴാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്. ഭുവനേശ്വരിന് പകരം പന്തെറിഞ്ഞ പാറ്റ് കമ്മിൻസ് നാലോവറിൽ അമ്പതിലധികം റൺസ് വിട്ടുകൊടുത്തു.

നിശബ്ദനാക്കാൻ വന്നവൻ നിശബ്ദനായ നിമിഷം; കമ്മിൻസിന് തെറ്റിയത് എവിടെ?
വിരാട് കോഹ്‌ലിയുടെ മെല്ലെപ്പോക്ക്; പ്രതികരിച്ച് ഡു പ്ലെസി

ബാറ്റിം​ഗിലും സൺറൈസേഴ്സ് അമിത പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ആദ്യ ഓവറിൽ ട്രാവിസ് ഹെഡ് പുറത്തായപ്പോഴും അതിന് മാറ്റമുണ്ടായില്ല. നന്നായി കളിച്ച് തുടങ്ങിയ ശേഷം അഭിഷേക് ശർമ്മ പുറത്തായി. വിക്കറ്റ് വീഴുമ്പോൾ പിടിച്ചുനിൽക്കാൻ ആരും ശ്രമിച്ചില്ല. അനാവശ്യ ഷോട്ടിന് മുതിർന്ന് എയ്ഡാൻ മാക്രം, നിതീഷ് കുമാർ റെഡ്ഡി, അബ്ദുൾ സമദ് തുടങ്ങിയവർ പുറത്തായി. ഉത്തരവാദിത്ത ബോധത്തോടെ ആരും ബാറ്റ് ചെയ്തില്ല.

നിശബ്ദനാക്കാൻ വന്നവൻ നിശബ്ദനായ നിമിഷം; കമ്മിൻസിന് തെറ്റിയത് എവിടെ?
എന്താണ് ഈ ചെയ്യുന്നത്?; വൈറലായി കാവ്യാ മാരന്റെ പ്രതികരണം

ഒരു തോൽവിയിൽ‌ സൺറൈസേഴ്സ് മനസിലാക്കേണ്ട കാര്യങ്ങൾ ഏറെയാണ്. വെടിക്കെട്ട് ബാറ്റിം​ഗ് നിരകൊണ്ട് മാത്രം എല്ലാം സാധ്യമാവില്ല. ബാറ്റിം​ഗ് ബുദ്ധിമുട്ട് നേരിടുമ്പോൾ ക്ഷമയോടെ ക്രീസിൽ തുടരണം. അല്ലെങ്കിൽ നിർണായക മത്സരങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയേറെയാണ്. മറ്റൊരു പ്രധാന കാര്യം ഇനിയുള്ള മത്സരങ്ങളിൽ സൺറൈസേഴ്സിന് നേരിടേണ്ടത് ശക്തരായ എതിരാളികളെയാണ്. അടുത്ത മത്സരം ചെന്നൈ സൂപ്പർ കിം​ഗ്സുമായി ചെപ്പോക്കിലാണ് നടക്കുക. പിന്നെ നേരിടേണ്ടത് ടൂർണമെന്റിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന രാജസ്ഥാൻ റോയൽസിനെ. വാങ്കഡ‍യിൽ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സിനെ കാത്തിരിക്കുകയാണ്. അപ്പോൾ തെറ്റുകൾ പരിഹരിച്ച ടീമിനെ കളത്തിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com