'ഹെഡ്' വിസ്മയിപ്പിച്ചു; പക്ഷേ ചിന്ന തലയ്ക്കും മേലെ 'പവറായില്ല'

16 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച് മുന്നേറിയ ഹെഡ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിപ്പടയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു
'ഹെഡ്' വിസ്മയിപ്പിച്ചു; പക്ഷേ ചിന്ന തലയ്ക്കും മേലെ 'പവറായില്ല'

സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന്റെ ബാറ്റിങ് വിസ്‌ഫോടനത്തിനാണ് ഇന്നലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സീസണില്‍ രണ്ട് മത്സരങ്ങളിലും ടോട്ടല്‍ 200 കടത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ തുടക്കമിട്ടത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ടാണ്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സെഞ്ച്വറി നേടിയ ഹെഡ് ഇത്തവണയും കൂറ്റനടികളുമായി ഡല്‍ഹി ബൗളര്‍മാരെ തലങ്ങും വിലങ്ങും പറപ്പിച്ചു.

16 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച് മുന്നേറിയ ഹെഡ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിപ്പടയ്ക്ക് തലവേദന സൃഷ്ടിച്ചെന്നുവേണം പറയാന്‍. ഒടുവില്‍ ഒന്‍പതാം ഓവറില്‍ സ്‌കോര്‍ 150 കടത്തിയാണ് ഹെഡ് പോരാട്ടം അവസാനിപ്പിച്ചത്. 32 പന്തില്‍ ആറ് സിക്‌സിന്റെയും 11 ബൗണ്ടറിയുടെയും അകമ്പടിയോടെ 89 റണ്‍സെടുത്ത ഓസീസ് താരത്തെ കുല്‍ദീപ് യാദവ് മടക്കുകയായിരുന്നു. പവര്‍പ്ലേയില്‍ മാത്രം 84 റണ്‍സ് അടിച്ചുകൂട്ടിയാണ് ട്രാവിസ് ഹെഡ് വിസ്മയിപ്പിച്ചത്.

എന്നാല്‍ ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനം മാത്രമാണ് ഹെഡിനുള്ളതെന്നാണ് സത്യം. പവര്‍പ്ലേയിലെ റണ്‍വേട്ടക്കാരില്‍ ഇപ്പോഴും ഒന്നാമത് മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌നയാണ്. 2014ല്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ 87 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 'ചിന്ന തല' അടിച്ചുകൂട്ടിയത്. ആറ് സിക്‌സും 12 ബൗണ്ടറിയുമാണ് റെയ്‌നയുടെ ബാറ്റില്‍ നിന്ന് അന്ന് പിറന്നത്. പത്ത് വര്‍ഷം മുന്‍പ് 'മിസ്റ്റര്‍ ഐപിഎല്‍' എന്നറിയപ്പെടുന്ന റെയ്‌ന സ്ഥാപിച്ച ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഹെഡിനുപോലും ആയിട്ടില്ലെന്നതാണ് സത്യം.

'ഹെഡ്' വിസ്മയിപ്പിച്ചു; പക്ഷേ ചിന്ന തലയ്ക്കും മേലെ 'പവറായില്ല'
തോൽപ്പിച്ചത് സൺറൈസേഴ്സിൻ്റെ 'പവറെന്ന്' റിഷഭ് പന്ത്

ഐപിഎല്‍ പവര്‍പ്ലേയിലെ 'പവറടിയില്‍' മൂന്നാം സ്ഥാനം മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിനുള്ളതാണ്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പവര്‍പ്ലേയില്‍ 74 റണ്‍സാണ് ഗില്‍ക്രിസ്റ്റ് അടിച്ചുകൂട്ടിയത്. നാലാമത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. 2021 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പവര്‍പ്ലേയില്‍ മാത്രം ഇഷാന്‍ 63 റണ്‍സെടുത്തു. 16 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ഇഷാന്‍ മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം അര്‍ദ്ധ സെഞ്ച്വറിയിലെത്തിയ താരമായി മാറി.

നേട്ടത്തില്‍ അഞ്ചാം സ്ഥാനം രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്‌വാളിനാണ്. 2023 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പവര്‍പ്ലേയില്‍ 62 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്. അന്ന് വെറും 13 പന്തില്‍ 50 റണ്‍സെടുത്ത താരം രാജസ്ഥാന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം അര്‍ദ്ധ സെഞ്ച്വറിയിലെത്തിയ ആദ്യ താരമായി മാറി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com