സാമ്പത്തിക നേട്ടത്തെക്കാൾ കലാമൂല്യമുള്ള സിനിമകളെ ഇഷ്ടപ്പെട്ട നിർമ്മാതാവ്; ഗാന്ധിമതി ബാലനെന്ന ഒറ്റയാൻ

സാമ്പത്തിക നേട്ടത്തെക്കാൾ കലാമൂല്യമുള്ള സിനിമകളെ ഇഷ്ടപ്പെട്ട നിർമ്മാതാവ്; ഗാന്ധിമതി ബാലനെന്ന ഒറ്റയാൻ

അദ്ദേഹത്തിന്റെ സിനിമാജീവിതം ഒരു ഉത്തരമായിരുന്നു, എന്തിന് സിനിമ പിടിക്കണം എന്ന ചോദ്യത്തിന് ഉത്തരം

കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാതാവായിരുന്ന ഗാന്ധിമതി ബാലൻ്റെ വിയോഗവർത്ത മലയാള സിനിമാലോകത്തെയും സിനിമാപ്രേമികളെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നതാണ്. ആരായിരുന്നു ഗാന്ധിമതി ബാലൻ? അദ്ദേഹത്തിന്റെ വിയോഗം എങ്ങനെ മലയാളം സിനിമയുടെ തീരാനഷ്ടമാകുന്നു? താൻ പണം മുടക്കുന്ന സിനിമകളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തേക്കാൾ ഉപരി ആ സിനിമയുടെ കലാമൂല്യമായിരുന്നു ഗാന്ധിമതി ബാലനെ ആകർഷിച്ചിരുന്നത്. അത് തന്നെയാണ് അദ്ദേഹത്തെ മറ്റു നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

ഒരു സിനിമയിൽ നിർമ്മാതാവിന്റെ റോൾ എന്തെന്ന് വരച്ചുകാട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം. 1982ൽ ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് അദ്ദേഹം നിർമ്മാണ രംഗത്തേക്ക് വരുന്നത്. പിന്നീടങ്ങോട്ട് അദ്ദേഹം നിർമ്മിച്ച ഓരോ സിനിമയും മലയാളത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയവയാണ്. ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ സിനിമകൾ. കഥകേൾക്കുമ്പോൾ തന്നെ കച്ചവട ചേരുവകൾ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞ് സിനിമയെ ഉപേക്ഷിക്കുന്ന നിർമ്മാതാക്കളുള്ള പുതിയ കാലത്താണ് ഈ സിനിമകൾ ഏറ്റെടുത്ത ഗാന്ധിമതി ബാലൻ എന്ന ഒറ്റയാൻ തിളങ്ങി നിൽക്കുന്നത്.

ഒരുപക്ഷെ ഗാന്ധിമതി ബാലൻ എന്ന നിർമ്മാതാവില്ലായിരുന്നുവെങ്കിൽ ഇന്ന് ക്ലാസിക് എന്ന് വിളിക്കുന്ന ഈ സിനിമകൾ ഒന്നും പിറക്കുമായിരുന്നില്ല. മറ്റൊരു നിർമ്മാതാവ് ഈ സിനിമകൾ നിർമ്മിക്കുമോ എന്നതും സംശയമാണ്. കാരണം ഇതിൽ പലതും തിയേറ്ററുകളിൽ അർഹിച്ച വിജയം നേടാത്തവയാണ്. സാമ്പത്തിക ലാഭം നോക്കാതെ ഗാന്ധിമതി ബാലൻ എന്ന മലയാള സിനിമയുടെ ബാലൻ ചേട്ടൻ ഒപ്പം നിന്നതു കൊണ്ടാണ് ഈ സിനിമകളുണ്ടായത്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന് അനശ്വര സംഭാവനകൾ നൽകിയ അദ്ദേഹം നിർമ്മാണ രംഗത്ത് നിന്ന് മടങ്ങിയതിന് പിന്നിലും സിനിമകളോടുള്ള സ്നേഹം കാണാൻ കഴിയും. തന്റെ വിടവാങ്ങലിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ സിനിമയിൽ നിർമ്മാതാവിന് വിലയില്ലാതെയായെന്നും അതിനാലാണ് താൻ നിർമ്മാതാവിന്റെ കുപ്പായം അഴിച്ചുവെച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ചങ്കൂറ്റം തന്നെയാണ് അദ്ദേഹത്തിന് മലയാള സിനിമയിൽ വ്യക്തമായ സ്ഥാനം നൽകിയതും. പദ്മരാജന്റെ ആകസ്മിക മരണവും ഗാന്ധിമതി ബാലന്‍ സിനിമയില്‍നിന്ന് പിന്‍വാങ്ങാന്‍ കാരണമായി. 

സാമ്പത്തിക നേട്ടത്തെക്കാൾ കലാമൂല്യമുള്ള സിനിമകളെ ഇഷ്ടപ്പെട്ട നിർമ്മാതാവ്; ഗാന്ധിമതി ബാലനെന്ന ഒറ്റയാൻ
'തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ സമ്മാനിച്ച പ്രിയ സഹോദരൻ'; മോഹൻലാൽ

ഗാന്ധിമതി ബാലൻ എന്ന ബാലൻ ചേട്ടൻ വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് ക്ലാസിക് സിനിമകളുടെ ഒരു യുഗം കൂടിയാണ്. അദ്ദേഹത്തിന്റെ സിനിമാജീവിതം ഒരു ഉത്തരമായിരുന്നു, എന്തിന് സിനിമ പിടിക്കണം എന്ന ചോദ്യത്തിന് ഉത്തരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com